ഇതര മതക്കാരന് ക്ഷേത്രത്തിൽ എന്താണ് കാര്യം? തെറി വിളി, മുഖത്തടി, ബൂട്ടിട്ട് ചവിട്ട്; യുവാക്കളെ മർദ്ദിച്ച് എസ്ഐ; പരാതി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th November 2021 02:47 PM  |  

Last Updated: 05th November 2021 03:04 PM  |   A+A-   |  

video_pic

വീഡിയോ ദൃശ്യം

 

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് യുവാക്കളെ എസ്ഐ മർദിച്ചതായി പരാതി. നവംബർ ഒന്നിന് രാത്രി 11 മണിക്കാണ് സംഭവം.  എസ്ഐ യുവാക്കളെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊച്ചിയിൽ ഒരു ഇന്റർവ്യൂവിന് എത്തിയ കോഴിക്കോട് സ്വദേശി മിഥുൻ, സുഹൃത്തായ കൊല്ലം സ്വദേശി സെയ്ദാലി എന്നിവർക്കാണ് മർദനമേറ്റത്. സംഭവത്തിൽ ആലുവ റൂറൽ എസ്പിക്ക് യുവാക്കൾ പരാതി നൽകി.

ജീപ്പിൽ നിന്ന് പുറത്തിറങ്ങി വന്ന് എസ്ഐ യുവാക്കളെ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ചെന്ന് ബൂട്ടിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തൊട്ടടുത്ത ദിവസം അഭിമുഖത്തിന് പോകുന്നതിന് മുൻപ് ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകണം എന്ന് മിഥുൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് സെയ്ദാലി ഒപ്പം പോയത്. നടയടച്ചതിനാൽ രാത്രി ക്ഷേത്ര പരിസരത്ത് കിടന്ന ശേഷം രാവിലെ തൊഴുത് മടങ്ങാം എന്നായിരുന്നു ആദ്യം തീരുമാനിച്ചത്. 

എന്നാൽ എറണാകുളത്തേക്ക് മടങ്ങാനൊരുങ്ങി വാഹനം കാത്ത് നിൽക്കുന്നതിനിടെയാണ് ചോറ്റാനിക്കര പൊലീസിന്റെ വാഹനം അതുവഴി എത്തിയത്. യുവാക്കളെ കണ്ട് വാഹനം നിർത്തി പുറത്തിറങ്ങിയ എസ്ഐ പേര് ചോദിച്ചു. ഇതര മതത്തിലുള്ളയാൾക്ക് ക്ഷേത്രത്തിൽ എന്താണ് കാര്യം എന്ന് ചോദിച്ചാണ് മർദിച്ചതെന്ന് പരാതിക്കാരനായ സെയ്ദലി പറയുന്നു.

സുഹൃത്തിനൊപ്പം വന്നതാണെന്ന് പറയുകയും ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ളതിന്റെ രേഖകൾ കാണിക്കുകയും ചെയ്തിട്ടും തെറി വിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തുവെന്ന് സെയ്ദലി പറയുന്നു. സുഹൃത്തിനെ മർദിച്ചത് കണ്ട് ഓടി വന്ന മിഥുനേയും പൊലീസ് മർദിച്ചു. പരിക്കേറ്റ യുവാക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറേയും വിവരം അറിയിച്ചു. ഇവരാണ് യുവാക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.