'വെല്ലുവിളിക്കുന്നവര്‍ അമ്പതു രൂപയ്ക്കു പെട്രോളും ഡീസലും കിട്ടുമെന്ന് ഗീര്‍വാണം മുഴക്കി നടന്നവര്‍'

കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ല. അതുകൊണ്ട് കുറയ്ക്കുന്ന പ്രശ്‌നവുമില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: എണ്ണവിലയുടെ പേരില്‍ കേരള സര്‍ക്കാരിനെതിരെ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുകയാണ് കോലീബി-മൗദൂദി മഴവില്‍ സഖ്യമെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. കേന്ദ്രം പെട്രോളിന്റെ നികുതി 9.48 രൂപയില്‍ നിന്ന് 32.98 രൂപയായി വര്‍ദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 3.56 രൂപയില്‍ നിന്ന് 31.83 രൂപയായി വര്‍ദ്ധിപ്പിച്ചു. ഏതാണ്ട് 6 ലക്ഷം കോടി രൂപ എന്‍ഡിഎ ഭരണത്തില്‍ ജനങ്ങളില്‍ നിന്ന് അധികമായി പിഴിഞ്ഞു. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പെട്രോളിനു 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. യുപിയിലുംകൂടി തോറ്റാല്‍ കുറച്ചു സത്ബുദ്ധി വരാന്‍ സാധ്യതയുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

എണ്ണവിലയുടെ പേരില്‍ കേരള സര്‍ക്കാരിനെതിരെ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുകയാണ് കോലീബിമൗദൂദി മഴവില്‍ സഖ്യം. വസ്തുതകള്‍ പണ്ടേ അവര്‍ക്ക് അലര്‍ജിയാണ്. തങ്ങള്‍ നിരന്തരം പറയുന്ന നുണകളില്‍ പൊതുജനം എപ്പോഴെങ്കിലും വീഴുമെന്ന വ്യാമോഹവുമായി നടക്കുന്നവര്‍ക്കു മുന്നില്‍ വസ്തുത നിരത്തിയിട്ടെന്തു കാര്യം?
കേന്ദ്രം പെട്രോളിന്റെ നികുതി 9.48 രൂപയില്‍ നിന്ന് 32.98 രൂപയായി വര്‍ദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 3.56 രൂപയില്‍ നിന്ന് 31.83 രൂപയായി വര്‍ദ്ധിപ്പിച്ചു. ഏതാണ്ട് 6 ലക്ഷം കോടി രൂപ എന്‍ഡിഎ ഭരണത്തില്‍ ജനങ്ങളില്‍ നിന്ന് അധികമായി പിഴിഞ്ഞു. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പെട്രോളിനു 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. യുപിയിലുംകൂടി തോറ്റാല്‍ കുറച്ചു സത്ബുദ്ധി വരാന്‍ സാധ്യതയുണ്ട്.
ഇതുവരെയും യുഡിഎഫിന്റെ നിരന്തരമായ ഡിമാന്റ് എന്തായിരുന്നു? കേന്ദ്രം നികുതി കൂട്ടിയപ്പോള്‍ വില വര്‍ദ്ധിച്ചു. ആ വിലയുടെ പുറത്താണു സംസ്ഥാനത്തിന്റെ നികുതി വരുന്നത്. സംസ്ഥാനം നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും വില വര്‍ദ്ധനവിന്റെ ഒരു ചെറുവിഹിതം വരുമാനമായി കിട്ടും. ഇതു വേണ്ടെന്നുവയ്ക്കണം. അതിനു കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മുതല്‍ നല്‍കിവന്ന മറുപടി സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം നികുതി വര്‍ദ്ധിപ്പിക്കേണ്ട. നികുതി നിരക്കു പഴയതിലേയ്ക്കു കുറച്ചോളൂ. സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുന്നൂവെന്നു പറഞ്ഞ് നിരക്ക് ഉയര്‍ത്തില്ല. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ കേന്ദ്രം നികുതി കുറച്ചപ്പോള്‍ പെട്രോളിന് 1.56 രൂപയും ഡീസലിന് 2.30 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറവുവന്നു.
അപ്പോള്‍ യുഡിഎഫ് പ്ലേറ്റ് മാറ്റി. അങ്ങനെ കിട്ടിക്കൊണ്ടിരുന്ന അധിക വരുമാനം വേണ്ടെന്നുവച്ചാല്‍ പോരാ. സംസ്ഥാനത്തിന്റെ നികുതി നിരക്കുതന്നെ ആനുപാതികമായി കുറയ്ക്കണം. അതിനു സംസ്ഥാനം നികുതി വര്‍ദ്ധിപ്പിച്ചില്ലല്ലോ. മോദി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ച നികുതി നിരക്കിന്റെ ഒരു ഭാഗം മാത്രമേ വേണ്ടെന്നുവച്ചിട്ടുള്ളൂ. കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടത് മോഡി അധികാരത്തില്‍ വന്നശേഷം വര്‍ദ്ധിപ്പിച്ച നികുതി മുഴുവന്‍ കുറയ്ക്കണമെന്നാണ്. അതിനാണ് 16ാം തീയതി ചൊവ്വാഴ്ച കേന്ദ്ര ആഫീസുകള്‍ക്കു മുന്നില്‍ സിപിഐ(എം) സമരം.
യുഡിഎഫ് ആവട്ടെ കേന്ദ്രവിരുദ്ധ സമരം ഉപേക്ഷിച്ചു സംസ്ഥാന സംസ്ഥാന സര്‍ക്കാരിനുനേരെ തിരിഞ്ഞിരിക്കുകയാണ്. ഇതില്‍ അത്ഭുതപ്പെടേണ്ട. പെട്രോള്‍ വില സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം ഏതാണ്ട് ഒരുപോലെയാണ്. കോണ്‍ഗ്രസല്ലേ എണ്ണ വില നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്കു സ്വാതന്ത്ര്യം നല്‍കിയത്. പെട്രോളിനു സബ്‌സിഡി നല്‍കാനുള്ള ഓയില്‍പൂള്‍ അക്കൗണ്ട് മാറ്റിവച്ചത്. ബിജെപി ചെയ്തത് ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ നേട്ടം തട്ടിയെടുക്കുന്നതിനുവേണ്ടി നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചു. കമ്പോളത്തെപ്പിടിച്ച് ദിനംപ്രതി ആണയിടുന്നവര്‍ നികുതി വര്‍ദ്ധിപ്പിച്ച് കമ്പോളത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു.
യുഡിഎഫ് സര്‍ക്കാരും കേരളത്തില്‍ ചെയ്തത് ഇതുതന്നെയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ഒരു വര്‍ഷക്കാലത്ത് ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങി. അതിന്റെ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്കു കൊടുക്കാന്‍ വേണ്ടി തുടര്‍ച്ചയായി നികുതി നിരക്ക് കൂട്ടി. 2014 ഓഗസ്റ്റില്‍ 26.21 ശതമാനമായിരുന്ന പെട്രോളിന്റെ സംസ്ഥാന നികുതി ആറുമാസം കൊണ്ട് 31.8 ശതമാനമാക്കിയ ഭരണാധികാരിയാണദ്ദേഹം. അഞ്ചു ശതമാനത്തിലേറെ നികുതിയാണ് അദ്ദേഹം ആറു മാസം കൊണ്ട് വര്‍ദ്ധിപ്പിച്ചത്. സത്യം പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്നാണോ മോദി ക്രൂഡോയില്‍ വില കുറയുമ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കാന്‍ പഠിച്ചതെന്നു സംശയിക്കേണ്ടിരിക്കുന്നു.
കോവിഡ് ആരംഭത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞു. ഉമ്മന്‍ചാണ്ടി കേരളത്തില്‍ ചെയ്ത പോക്കറ്റിടി മോഡി പിടിച്ചുപറിയാക്കി വികസിപ്പിച്ചു. കേന്ദ്ര നികുതി കുത്തനെ ഉയര്‍ത്തി ലക്ഷങ്ങള്‍ കൊയ്തു. കോണ്‍ഗ്രസ് സര്‍ക്കാരുകളടക്കം ഇന്ത്യയിലെ പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന്റെ മാതൃകയില്‍ കോവിഡുകാലത്ത് നികുതി ഉയര്‍ത്തി. കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ല. യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയുടെ 31.8 ശതമാനം നികുതി 30.08 ശതമാനമായി കുറയ്ക്കുകയാണു ചെയ്തത്.
കേരള സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നില്ല എന്നാണ് മഴവില്‍ മുന്നണിയുടെ നിലവിളി. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ല. അതുകൊണ്ട് കുറയ്ക്കുന്ന പ്രശ്‌നവുമില്ല. നികുതി വര്‍ദ്ധിപ്പിച്ചവരാണ് വര്‍ദ്ധനയില്‍ നിന്ന് പിന്മാറേണ്ടത്. അതിനുള്ള ബഹുജന സമ്മര്‍ദ്ദമുയര്‍ത്താന്‍ കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെയാണ് സമരം ചെയ്യേണ്ടത്.
ബിജെപി നേതാവ് കെ സുരേന്ദ്രന്റെയൊക്കെ ചാനലുകളിലെ രോഷപ്രകടനം ഏറ്റവും വലിയ ഹാസ്യപരിപാടിയായി മാറിയിട്ട് കാലമേറെയായി. കേരളം നികുതി കുറച്ചില്ലെങ്കില്‍ ഭയങ്കര സമരം നടത്തുമെന്നാണ് വെല്ലുവിളി. ആരാ വെല്ലുവിളിക്കുന്നത്  അമ്പതു രൂപയ്ക്കു പെട്രോളും ഡീസലും കിട്ടുമെന്ന് ഗീര്‍വാണം മുഴക്കി നടന്ന അതേ കക്ഷി. പറയുന്നതുകേട്ടാല്‍ തോന്നും അമ്പതു രൂപയ്ക്ക് എണ്ണ കിട്ടുന്നതിനുള്ള തടസം കേരളത്തിന്റെ നികുതിയാണെന്ന്. ഏതായാലും കൂട്ടത്തിലേറ്റവും വലിയ തമാശക്കാരനുള്ള അവാര്‍ഡ് ഇപ്പോഴും കക്ഷിയ്ക്കു തന്നെ.
മഹാരാഷ്ട്രയും പഞ്ചാബും രാജസ്ഥാനുമടക്കമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യാത്ത കാര്യം ചെയ്യാന്‍ കേരളത്തിലെ എല്‍ഡിഎഫിനെ പ്രതിപക്ഷ നേതാവ് നിര്‍ബന്ധിച്ചിട്ടു കാര്യമില്ല. നിങ്ങള്‍ പറയുന്ന നയം നിങ്ങളുടെ പാര്‍ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കി മാതൃക കാണിക്കുക. എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുന്നതാണ് ഭംഗിയും ബുദ്ധിയും.
അതു ചെയ്യാതെ കടുത്ത സമരമെന്നൊക്കെ ഓലപ്പാമ്പു വീശിയാല്‍, ആരു പേടിക്കുമെന്നാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും മഴവില്‍ മുന്നണിയും വ്യാമോഹിക്കുന്നത്? ജനങ്ങള്‍ക്ക് കാര്യങ്ങളറിയാം. ഞങ്ങളുടെ നയം ജനങ്ങള്‍ അംഗീകരിച്ചതാണ്. അതോര്‍മ്മയുണ്ടാകുന്നത് നന്ന്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com