എസ്പിയുടെ വാഹനത്തില്‍ അടിച്ചിട്ടോടിയ യുവാവിന്റെ മരണം; പൊലീസ് കൊന്നതെന്ന് മാതാപിതാക്കള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 08:38 AM  |  

Last Updated: 11th November 2021 08:38 AM  |   A+A-   |  

Police vehicle

പ്രതീകാത്മക ചിത്രം


കോട്ടയം: ജില്ലാ പൊലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പൊലീസിനെതിരെ മാതാപിതാക്കൾ‌. വെച്ചൂർ സ്വദേശിയായ ജിജോയാണ് മരിച്ചത്. ജിജോയെ പൊലീസ് കൊന്നതാണെന്നാണ് ആരോപണം. 

മദ്യലഹരിയിൽ വലിയ മതിൽ ചാടി കടക്കുന്നതിന് ഇടയില്‍ കാനയിൽ വീണാണ് ജിജോയുടെ മരണമെന്നാണ് പൊലീസ് വാദം. ശ്വാസനാളത്തിൽ ചെളി കയറിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മതാപിതാക്കളുടെ പരാതിയിൽ കുമരകം പൊലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസ് വാഹനം എന്ന് അറിഞ്ഞതോടെ അടുത്തുള്ള ബാ‍ർ ഹോട്ടലിലേക്ക് ഓടി കയറി

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജിജോ മരിച്ചത്. ചക്രംപടിക്ക് സമീപം എടിഎമ്മിന് മുന്നിൽ നിർത്തിയിരുന്ന എസ്പിയുടെ ഔദ്യോഗിക വാഹനത്തിൽ ജിജോ അടിക്കുകയായിരുന്നു. പൊലീസ് വാഹനം എന്ന് അറിഞ്ഞതോടെ അടുത്തുള്ള ബാ‍ർ ഹോട്ടലിലേക്ക് ഓടി കയറി. പിന്നാലെ ഹോട്ടലിന് പിന്നിലെ കാനായിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസിൻറെ അടിയേറ്റാണ് ജിജോയുടെ മരണം എന്നാണ് മാതാപിതാക്കളുടെ ആരോപണം.

ഹോട്ടൽ പരിസരത്ത് ഏറെ തെരഞ്ഞെങ്കിലും ജിജോയെ കണ്ടെത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതേ തുടർന്ന് പൊലീസ് സംഘം മടങ്ങി. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ഹോട്ടലുകാരാണ് പിന്നിലെ കാനായിൽ മൃതദേഹം കണ്ടെത്തിയത് എന്നുമാണ് പൊലീസ് പറയുന്നത്.  ജിജോയ്ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്ന ആരോപണവും പൊലീസ് തള്ളി. സുജിത്ത് കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.