ഭിന്നശേഷിക്കാരിയെയും സഹോദരന്റെ 7വയസുള്ള മകളെയും പീഡിപ്പിച്ച സംഭവം; ഒളിവിൽക്കഴിഞ്ഞ പ്രതി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 12:45 PM  |  

Last Updated: 12th November 2021 12:45 PM  |   A+A-   |  

28688a770c63aa7298d7b2bcaab65cdf

എളാങ്ങൽ മുഹമ്മദ്

 

കോഴിക്കോട്: ബാലുശ്ശേരിയിൽ ഭിന്നശേഷിയുള്ള 52കാരിയെയും സഹോദരന്റെ ഏഴ് വയസുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദ് (46) ആണ് പിടിയിലായത്. സംഭവ ശേഷം സ്ഥലംവിട്ട ഇയാളെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

സംഭവ ശേഷം സ്കൂട്ടറിൽ രക്ഷപ്പെട്ട മുഹമ്മദ് ചെന്നൈയിലേക്കാണ് കടന്നതെന്ന് പൊലീസ് പറഞ്ഞു. ചെന്നൈയിൽ നിന്ന് തിരിച്ച് കോഴിക്കോട് എത്തിയ സമയത്ത് പുലർച്ചെ രണ്ടര മണിക്കാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ സംഭവത്തിന് ശേഷം ഫോൺ സുച്ചോഫ് ചെയ്തത് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പൊലീസിനെ കുഴക്കിയിരുന്നു. എന്നാൽ മറ്റ് ഫോണുകളിൽ നിന്ന് ഇയാൾ നാട്ടിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും മറ്റും വിളിച്ചിരുന്നു. ഈ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ വലയിലായത്. 

പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. ഇയാൾക്കെതിരെ രണ്ട് കേസുകളാണ് എടുത്തിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് പീഡനം നടന്നത്. ഭിന്നശേഷിക്കാരിയും സഹോദരന്റെ മകളും മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. അമ്മ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ മുഹമ്മദ് ഏഴ് വയസുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് പരാതി. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. 

സംഭവ സ്ഥലത്തു നിന്ന് ജൂപ്പിറ്റർ സ്‌കൂട്ടിയിൽ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പെൺകുട്ടിയും  ഭിന്നശേഷിക്കാരിയും താമരശേരി മജിസ്‌ട്രേട്ടിനു മുന്നിൽ രഹസ്യമൊഴിയും നൽകിയിരുന്നു. പിന്നാലെയാണ് നാല് ദിവസത്തിനുള്ളിൽ തന്നെ പ്രതിയെ പിടികൂടിയത്.