ഭക്ഷണം സൂക്ഷിച്ച റാക്കില്‍ ഒടിക്കളിച്ച് എലി! വിദ്യാർത്ഥികൾ വീഡിയോ പകർത്തി; ഹോട്ടൽ പൂട്ടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th November 2021 09:46 AM  |  

Last Updated: 18th November 2021 09:46 AM  |   A+A-   |  

rat found in hotel food rack

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഈസ്റ്റ്ഹില്ലിൽ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികൾ ഹോട്ടലിലെ റാക്കില്‍ കണ്ട എലിയെ വീഡിയോയില്‍ പകര്‍ത്തി ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി. പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്.

കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തി. പരിശോധനയില്‍ ഹോട്ടലില്‍ എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി.

ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തു. ഹോട്ടലിന് നോട്ടീസും നല്‍കി.