'തിരുവല്ലക്കാരന് എന്താടാ ഇവിടെ കാര്യം'; ബന്ധുവീട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു; കാര്‍ തല്ലിത്തകര്‍ത്തു, പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 07:08 AM  |  

Last Updated: 23rd November 2021 07:08 AM  |   A+A-   |  

car_smashed

അക്രമികള്‍ തകര്‍ത്ത കാര്‍


കുളത്തൂപ്പുഴ: ബന്ധുവീട്ടില്‍ എത്തിയ കുടുംബത്തെ സാമൂഹ്യ വിരുദ്ധര്‍ ആക്രമിച്ചതായി പരാതി. തിരുവല്ല സ്വദേശി ബിനോയ് ബേബിക്കും കുടുംബത്തിനും നേരെയാണ് കുളത്തുപ്പുഴയില്‍ വെച്ച് ആക്രമണം ഉണ്ടായത്.

ബിനോയ് ബേബിയും ഭാര്യയും കുഞ്ഞും അടങ്ങുന്ന കുടുംബം കുളത്തൂപ്പുഴ ഇഎസ് കോളനിയിലെ ബന്ധു വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങിന് എത്തിയതായിരുന്നു. കുടുംബത്തെ വീട്ടിലാക്കിയതിന് ശേഷം സമീപത്തെ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനടുത്ത് നിന്ന് സുഹൃത്തായ ലാലുവുമായി സംസാരിക്കുകയായിരുന്നു. സംസാരിച്ചു നില്‍ക്കവേ പ്രദേശവാസികളെന്ന് പറഞ്ഞ് മൂന്ന് പേര്‍ സ്ഥലത്ത് എത്തുകയും വാഹനം പാര്‍ക്ക് ചെയ്തതിനെ ചോദ്യംചെയ്യുകയും ചെയ്തു.

തിരുവല്ലയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞ ബിനോയിയോട് തിരുവല്ലക്കാരന് എന്താടാ ഇവിടെ കാര്യം എന്ന് ചോദിച്ചു മര്‍ദിച്ചു. മര്‍ദനമേറ്റ യുവാക്കള്‍ ഓടുകയും തുടര്‍ന്ന് അക്രമികള്‍ ഇവരുടെ വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു. കുളത്തുപ്പുഴ പൊലീസ് സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി.