ഡിജിപി അനില്‍കാന്തിന്റെ സേവന കാലാവധി നീട്ടി; 2023 വരെ തുടരാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2021 03:07 PM  |  

Last Updated: 24th November 2021 03:17 PM  |   A+A-   |  

anil kanth dgp

ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഡിജിപി അനില്‍കാന്തിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടു വര്‍ഷത്തേക്കാണ് പൊലീസ് മേധാവിയുടെ കാലാവധി നീട്ടിയത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ഇതുപ്രകാരം 1988 ബാച്ച് ഐപിഎസ് ഓഫീസറായ അനില്‍കാന്തിന് 2023 ജൂണ്‍ 30 വരെ ഡിജിപി സ്ഥാനത്ത് തുടരാം.

ഡിജിപി പദവിയിലിരിക്കുന്നവർക്കു രണ്ടു വർഷമെങ്കിലും സേവന കാലാവധി നൽകണമെന്ന സുപ്രീംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അതിനുമുൻപ് വിരമിക്കുന്നവർക്കു വേണമെങ്കിൽ സ്വമേധയാ സ്ഥാനം ഒഴിയാം.

അനിൽകാന്തിന്റെ സേവനം 2023 ജൂൺ 30വരെയാണ് നീട്ടിയത്. അല്ലെങ്കിൽ 2022 ജനുവരി 31ന് വിരമിക്കേണ്ടതായിരുന്നു. ജൂലൈ ഒന്നിനാണ് അനിൽകാന്ത് ഡിജിപിയായി അധികാരമേറ്റത്. നിയമിക്കപ്പെടുമ്പോൾ ഏഴുമാസം സർവീസാണ് അവശേഷിച്ചിരുന്നത്.

ദളിത് വിഭാഗത്തിൽ നിന്നും ആദ്യ പൊലീസ് മേധാവി

ലോക്നാഥ് ബെഹ്റയുടെ പിൻ​ഗാമിയായിട്ടാണ് അനിൽകാന്ത് പൊലീസ് മേധാവി സ്ഥാനത്തെത്തുന്നത്. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ഡൽഹി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കെത്തിയത്. 

ഡൽഹി സ‍ർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. ബെഹ്റയെ പോലെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ  തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിൻ്റെയും തലവനായ ശേഷമാണ് അനിൽ കാന്ത് പൊലീസ് മേധാവിയായത്. 

 തീരുമാനം ഇവർക്ക് തിരിച്ചടി

അനിൽകാന്തിന്റെ സേവന കാലാവധി നീട്ടാൻ തീരുമാനിച്ചതോടെ, സീനിയോറിറ്റിയിൽ മുൻപിലുള്ള സുധേഷ് കുമാർ, ബി സന്ധ്യ, ടോമിൻ ജെ തച്ചങ്കരി എന്നിവരുടെ സാധ്യതകൾ ഇല്ലാതായി. ബി സന്ധ്യ 2023 മേയിൽ വിരമിക്കും. സുധേഷ് കുമാർ 2022 ഒക്ടോബറിലും തച്ചങ്കരി 2023 ജൂണിലും വിരമിക്കും.