അമ്മയും രണ്ടു മക്കളും വീട്ടില്‍ മരിച്ച നിലയില്‍; പൊലീസ് പൂട്ടി പോയ വീട് കുത്തിത്തുറക്കാന്‍ ശ്രമം; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th November 2021 12:17 PM  |  

Last Updated: 29th November 2021 12:17 PM  |   A+A-   |  

Mother and two children dead at home

ആനി, സുനിൽ, ലെനിൻ / ടെലിവിഷൻ ദൃശ്യം

 

ആലപ്പുഴ: ആലപ്പുഴയിലെ മാരാരിക്കുളം തെക്കു പഞ്ചായത്തില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കോര്‍ത്തുശ്ശേരി കുന്നേല്‍വീട്ടില്‍ ആനി രഞ്ജിത്ത് (54), മക്കളായ ലെനിന്‍ രഞ്ജിത്ത് (അനില്‍ -36), സുനില്‍ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

ആനിയെ വീടിന്റെ മുന്‍വശത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും മക്കളെ രണ്ടുമുറികളിലായി കട്ടിലില്‍ മലര്‍ന്നുകിടന്ന നിലയിലുമാണു കണ്ടെത്തിയത്. മക്കളുടെ അമിതമദ്യപാനംമൂലം തമ്മിലുണ്ടാകുന്ന വഴക്കില്‍ മനംനൊന്ത് ഇരുവര്‍ക്കും വിഷംനല്‍കി ആനി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. മദ്യപാനവും വഴക്കുമാണു മരണകാരണമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.

ചിട്ടിപ്പണം പിരിക്കാൻ വന്നയാൾ കണ്ടത് ആനി തൂങ്ങിനിൽക്കുന്നത്

ആനി തൊഴിലുറപ്പു തൊഴിലാളിയും മക്കള്‍ മത്സ്യത്തൊഴിലാളികളുമാണ്. രണ്ടാഴ്ചത്തെ ജോലിക്കുശേഷം ശനിയാഴ്ചയാണ് കൊച്ചിയില്‍നിന്ന് ലെനിന്‍ വീട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ വീട്ടില്‍ ചിട്ടിപ്പണം പിരിക്കാന്‍ ചെന്ന യുവാവാണ് ആനി തൂങ്ങിനില്‍ക്കുന്നതു കണ്ടത്. പിന്നീട്, ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് മക്കളെ മരിച്ചനിലയില്‍ കണ്ടത്. ആനിയുടെ ഭര്‍ത്താവ് രഞ്ജിത്ത് ഏഴുവര്‍ഷം മുമ്പ് ഹൃദ്രോഗം ബാധിച്ച് മരിച്ചിരുന്നു. 

കാതില്‍നിന്ന് ഹെഡ്ഫോണ്‍ ഊരി കിടന്നിരുന്നു

മക്കളുടെ മദ്യപാനവും വഴക്കും മൂലം സ്വസ്ഥത നശിച്ചപ്പോള്‍, ഇവന്മാര്‍ക്ക് വിഷം കലക്കിക്കൊടുത്തു താൻ തൂങ്ങി മരിക്കുമെന്ന് കഴിഞ്ഞയിടെ ആനി പറഞ്ഞതായി പരിസരവാസികൾ സൂചിപ്പിച്ചു. പ്രായമേറെ ചെന്നെങ്കിലും മക്കള്‍ ആരും വിവാഹവും കഴിക്കാത്തതിലും ആനി വിഷമത്തിലായിരുന്നു. സുനിലിന്റെ കാതില്‍നിന്ന് ഹെഡ്ഫോണ്‍ ഊരി കിടന്നിരുന്നു. 

കതക് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമം

അതിനിടെ, അമ്മയും രണ്ട് മക്കളും മരിച്ചനിലയില്‍ കണ്ടെത്തിയ വീട് പൊലീസ് പൂട്ടിപ്പോയ ശേഷം കതക് തകര്‍ത്ത് അകത്തു കയറാന്‍ ശ്രമം നടന്നു. അയല്‍വാസികള്‍ കണ്ട് ഒച്ച വെച്ചപ്പോള്‍ യുവാവ് കടന്നുകളയുകയായിരുന്നു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഞായറാഴ്ച പുലര്‍ച്ചേ ഒന്നരയോടെ ലെനിന്‍ ആരെയോ ഫോണില്‍ വിളിച്ചിരുന്നെങ്കിലും കോള്‍ സ്വീകരിച്ചിട്ടില്ല. ഈ നമ്പര്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.