അനുപമയുടെ പരാതി; മന്ത്രി സജി ചെറിയാനെതിരെ അന്വേഷണത്തിന് ഉത്തരവ്

അനധികൃത ദത്ത് വിവാദത്തില്‍ അജിത്തിന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം: അനധികൃത ദത്ത് വിവാദത്തില്‍ അജിത്തിന് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. അനുപമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയാണ് ഉത്തരവിട്ടിരിക്കുന്നത്. പരാമര്‍ശം ശ്രീകാര്യം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നതിനാല്‍ പേരൂര്‍ക്കട പൊലീസ് ശ്രീകാര്യം പൊലീസിന് പരാതി കൈമാറി. പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധിക്കാനാണ് നിര്‍ദേശം.

സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന 'സമം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 'കല്യാണം കഴിച്ച് രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛന്‍ ജയിലിലേക്ക് പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം' എന്നായിരുന്നു മന്ത്രിയുടെ പ്രസംഗം.

ദത്ത് വിഷയത്തില്‍ അനുപമയെയും അജിത്തിനെയും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും പെണ്‍കുട്ടികള്‍ പ്രായോഗികമായി ചിന്തിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പെണ്‍കുട്ടികളുടെ പിതാവെന്ന നിലയിലായിരുന്നു തന്റെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു. 

'അവള്‍ക്കെന്റെ മോളുടെ പ്രായമല്ലേ ഉള്ളൂ. അവള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ സങ്കടപ്പെടുന്നയാളാണ്. ആ പിതാവിനെപ്പറ്റി തിരക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിഞ്ഞു. ക്രിമിനല്‍ കുറ്റം ചെയ്‌തെന്ന് പറഞ്ഞ് കേസ് കൊടുത്തെന്ന് കേട്ടപ്പോള്‍ വിഷമം തോന്നി. ആ പിതാവിനുവേണ്ടി പറയാന്‍ ആരുമില്ല. അവര്‍ ചെയ്തത് തെറ്റായിരിക്കാം. അത് നിയമത്തിന്റെ വഴിക്കുപോകട്ടെ' മന്ത്രി വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com