സിപിഐയും കേരള കോണ്‍ഗ്രസും തമ്മില്‍ പ്രശ്‌നങ്ങളില്ല; പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത രേഖകളുടെ ഉത്ഭവം എവിടെ നിന്നെന്ന് അറിയില്ല: കെ രാജന്‍

സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും റവന്യു മന്ത്രി കെ രാജന്‍
റവന്യു മന്ത്രി കെ രാജന്‍
റവന്യു മന്ത്രി കെ രാജന്‍


മലപ്പുറം: സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ചിലതൊക്കെ തെറ്റിദ്ധാരണകളാണെന്നും റവന്യു മന്ത്രി കെ രാജന്‍. ചര്‍ച്ചയിലൂടെ ഇതു പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.  കേരള കോണ്‍ഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യ സിപിഐയെ വിമര്‍ശിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി രാജന്‍.

പാര്‍ട്ടി ചര്‍ച്ച ചെയ്യാത്ത രേഖകള്‍ പലതും മാധ്യമങ്ങള്‍ പുറത്തു വിടുന്നുണ്ടെന്നും ഇതിന്റെ ഉദ്ഭവം എവിടെ നിന്നാണെന്നു ധാരണയില്ലെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. മുന്നണിയില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും ഇടതു മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി. അപചയം സംഭവിച്ചിരിക്കുന്നത് കോണ്‍ഗ്രസിനാണന്നും മന്ത്രി കെ.രാജന്‍ മാറഞ്ചേരിയില്‍ പറഞ്ഞു.

കാനം-ഇസ്മയില്‍ ഗ്രൂപ്പ് പോര് മറയ്ക്കുന്നതിന് വേണ്ടി സിപിഐ കേരള കോണ്‍ഗ്രസിന്റെ മെക്കിട്ട് കയറുകയാണെന്ന് കെ.ജെ ദേവസ്യ ആരോപിച്ചിരുന്നു. എല്‍ഡിഎഫിലെ മൂന്നാം കക്ഷിയായ കേരള കോണ്‍ഗ്രസ് നേടിയ 3.28 ശതമാനം വോട്ടാണ് മുന്നണിക്ക് ചരിത്ര വിജയവും 99 സീറ്റ് നേടി തുടര്‍ഭരണവും സമ്മാനിച്ചത്. കേരള കോണ്‍ഗ്രസ് മത്സരിച്ച 12 മണ്ഡലങ്ങളിലും ആര്‍ക്ക് വോട്ട് ചെയ്യണമെന്നുള്ള സിപിഐയുടെ രഹസ്യ നിര്‍ദേശം നാട്ടില്‍ പാട്ടാണ്. വസ്തുത ഇതായിരിക്കെ കയ്യക്ഷരം നന്നാകാത്തതിന് പേനയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കെ ജെ ദേവസ്യ കത്തില്‍ പറയുന്നു.

കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് വരുന്നതിനെ സിപിഐ ആദ്യം മുതല്‍ തന്നെ എതിര്‍ത്തത് എന്തിനായിരുന്നുവെന്ന് ഇനിയും ബോധ്യമാകുന്നില്ല. സിപിഎം വിലയിരുത്തലുകള്‍ക്ക് ഉള്‍ക്കരുതത് ഉണ്ട്. പക്ഷെ എഴ് പ്രാവശ്യം പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവന്‍ ട്യൂട്ടോറിയല്‍ കോളജ് തുടങ്ങി പ്രിന്‍സിപ്പളായി വാര്‍ഷിക വിലയിരുത്തല്‍ നടത്തി ആത്മസംതൃപ്തിയടയുന്നതിന് തുല്യമാണ് കാനത്തിന്റെ വിലയിരുത്തല്‍ എന്നും കത്തില്‍ പറയുന്നു.

ഇന്ത്യയിലാകമാനം ജാതിമത കോമരങ്ങള്‍ മുടിയഴിച്ചിട്ട് ഉറഞ്ഞുതുള്ളുമ്പോള്‍ അതിനെതിരായുള്ള പോരാട്ടത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെ സ്ഥാനത്തും അസ്ഥാനത്തും കുത്തുമുറിവേല്‍പ്പിക്കാനുള്ള കാനത്തിന്റെ നീക്കം വേദനാജനകമാണെന്നും കത്തില്‍ പറയുന്നു.

കേരള കോണ്‍ഗ്രസ് മുന്നണിയില്‍ വന്നതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമുണ്ടായില്ല എന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ വിലയിരുത്തലുണ്ടായിരുന്നു. കേരള കോണ്‍ഗ്രസിന് ശക്തിയുണ്ടായിരുന്നെങ്കില്‍ പാലായിലും കടുത്തുരുത്തിയിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമായിരുന്നു എന്നും സിപിഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com