പ്രണയത്തെച്ചൊല്ലി വീട്ടില്‍ വഴക്ക് ; 14 കാരിയുടേത് ആത്മഹത്യ; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th September 2021 03:27 PM  |  

Last Updated: 29th September 2021 03:27 PM  |   A+A-   |  

Woman pops pills to abort fetus, dies

പ്രതീകാത്മക ചിത്രം

 

കട്ടപ്പന : ഇടുക്കി കട്ടപ്പനയില്‍ പതിനാലുകാരിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. പെണ്‍കുട്ടി തൂങ്ങിമരിച്ചതാണെന്ന് ഇന്‍ക്വസ്റ്റില്‍ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി. പ്രണയത്തെച്ചൊല്ലിയുള്ള വഴക്കാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു. 

തോട്ടം തൊഴിലാളികളായ ജാര്‍ഖണ്ഡ് സ്വദേശികളുടെ മകളായ പതിനാലുകാരിയെയാണ് രാവിലെ വീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ജാര്‍ഖണ്ഡ് സ്വദേശിയായ ഒരാളുമായി പ്രണയമുണ്ടായിരുന്നു. 

കഴിഞ്ഞദിവസവും ഇയാളുമായി പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചിരുന്നു. ഇതേച്ചൊല്ലി മാതാപിതാക്കളും കുട്ടിയും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായി. വീട്ടുകാര്‍ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. 

തുടര്‍ന്ന് രാത്രി പെണ്‍കുട്ടി വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ച മാതാപിതാക്കള്‍ വീടിന് സമീപത്തു നിന്നും മൃതദേഹം കണ്ടെത്തി. 

മൃതദേഹം വീടിന് സമീപത്ത് തറയില്‍ കിടത്തിയശേഷമാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. ഏലത്തോട്ടത്തില്‍ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് ഇവര്‍ പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിലാണ് ആത്മഹത്യയാണെന്ന് മാതാപിതാക്കള്‍ സമ്മതിച്ചതെന്ന്  പൊലീസ് പറഞ്ഞു. 

മേട്ടുക്കുടിയിലെ ഏലത്തോട്ടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയും മാതാപിതാക്കളും ജോലി തേടി ഇവിടെയെത്തിയത്.