'രാഷ്ട്രീയ ആത്മഹത്യ; തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ല': കെ വി തോമസിനെതിരെ ചെറിയാന്‍ ഫിലിപ്പ് 

സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് പ്രസ്താവിച്ച കെ വി തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചെറിയാന്‍ ഫിലിപ്പ്. കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയാണ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേയും സംസ്ഥാന നേതൃത്വത്തിന്റെയും മുന്നറിയിപ്പുകള്‍ തള്ളിയാണ് കണ്ണൂരില്‍ നടക്കുന്ന സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് വ്യക്തമാക്കിയത്.  
തന്നെ ക്ഷണിച്ചത് സെമിനാറില്‍ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ സംസാരിക്കാനാണ്. അരമണിക്കൂറാണ് സമയം അനുവദിച്ചത്. രാജ്യം നേരിടുന്ന പ്രശ്‌നമാണ് തനിക്കു പറയാനുള്ളത്. സെമിനാറില്‍ പങ്കെടുക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും കെ വി തോമസ് പറഞ്ഞു. 


സിപിഎമ്മിന്റെ പ്രണയത്തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കെ വി തോമസിനോട് അഭ്യര്‍ത്ഥിച്ച് കഴിഞ്ഞ ദിവസം ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം. യൗവനം മുതല്‍ ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ എന്നെ സിപിഎം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്‌നേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയില്‍ ഇരുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് അഭിപ്രായപ്പെട്ടിരുന്നു.  


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. 
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com