യുഡിഎഫിന് കിട്ടിയത് 81 വോട്ട്; തന്റെ വാര്‍ഡില്‍ ജയിച്ചത് എല്‍ഡിഎഫ് തന്നെ, തോല്‍വി മറയ്ക്കാന്‍ വ്യാജ പ്രചാരണമെന്ന് കെ കെ ശൈലജ

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്ത വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് കെ കെ ശൈലജ
കെ കെ ശൈലജ/ഫയല്‍
കെ കെ ശൈലജ/ഫയല്‍


കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്ത വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് കെ കെ ശൈലജ. ഇടവേലിക്കലില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രജത 661 വോട്ടിന് ജയിച്ചെന്ന് കെ കെ ശൈലജ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇടവേലിക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചയാതി ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയത്. 

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആറാം തവണയും തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങള്‍ വീണ്ടും വ്യാജ പ്രചാരണങ്ങള്‍ തുടങ്ങി. ഞാന്‍ വോട്ട് ചെയ്ത എന്റെ വാര്‍ഡില്‍ എല്‍ഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എന്റെ  വാര്‍ഡ് ഇടവേലിക്കല്‍ ആണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രജത 661 വോട്ടാണ് ഈ തെരഞ്ഞെടുപ്പില്‍ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്നക്കം തികയ്ക്കാന്‍ പോലും കഴിഞ്ഞില്ല കേവലം 81 വോട്ടാണ് യുഡിഎഫിനായി പോള്‍ ചെയ്തത് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം 580. 
എന്നിട്ടും യുഡിഎഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോല്‍വിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.- കെ കെ ശൈലജ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി വിജയിച്ചു.എല്‍ഡിഎഫ് 21 സീറ്റ് നേടി. അതേസമയം, യുഡിഎഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തി, പതിനാല് സീറ്റാണ് യുഡിഎഫ് നേടിയത്. ബിജെപിക്ക് ഒറ്റ സീറ്റുപോലും ലഭിച്ചില്ല. നഗരസഭയിലെ ആകെയുള്ള 35 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് 28 ഉം യുഡിഎഫ് ഏഴും സീറ്റുകളാണ് നേടിയിരുന്നത്.

1997ല്‍ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തെരഞ്ഞെടുപ്പിലും ഇടതുമുന്നണി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. നിലവിലെ നഗരസഭകൗണ്‍സിലിന്റെ കാലാവധി സെപ്റ്റംബര്‍ 10 ന് അവസാനിക്കും. പുതിയ കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ സെപ്റ്റംബര്‍ 11 ന് നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com