വാഹനം തലകീഴായി 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; എട്ട് ശബരിമല തീർത്ഥാടകർ മരിച്ചു

കുമളി - കമ്പം റൂട്ടിൽ തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ആദ്യ പെൻസ്റ്റോക്ക് പൈപ്പിന് സമീപമാണ് അപകടം. 40 അടി താഴ്ചയിൽ പൈപ്പിനു മുകളിലേക്കാണു വാഹനം മറിഞ്ഞത്
തലകീഴായി മറിഞ്ഞ വാഹനം/ ടെലിവിഷൻ ദൃശ്യം
തലകീഴായി മറിഞ്ഞ വാഹനം/ ടെലിവിഷൻ ദൃശ്യം
Published on
Updated on

തൊടുപുഴ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. ഇടുക്കി കുമളിക്ക് സമീപം തേക്കടി കമ്പം ദേശീയപാതയിലാണ് വെള്ളിയാഴ്ച രാത്രി പത്തരയോടെ അപകടമുണ്ടായത്.

തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. ആണ്ടിപ്പെട്ടി സ്വദേശികളായ നാഗരാജ് (46), ദേവദാസ് (55),ശിവകുമാർ (45), ചക്കംപെട്ടി സ്വദേശി മുനിയാണ്ടി (55), മറവപ്പെട്ടി സ്വദേശി കന്നി സ്വാമി (60), ഷണ്മുഖ സുന്ദര പുരം സ്വദേശി വിനോദ് കുമാർ (43) എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 

ഹെയർപിൻ വളവു കയറി വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. പെൻസ്റ്റോക്ക് പൈപ്പുകൾക്കു മേൽ പതിച്ച വാഹനം പൂർണമായും തകർന്നു.

ഒരു കുട്ടി ഉൾപ്പെടെ പത്ത് പേരാണ് ടവേര കാറിൽ ഉണ്ടായിരുന്നത്. തെറിച്ചു വീണ കുട്ടി പരിക്കേൽക്കേതെ രക്ഷപ്പെട്ടു. സംഘത്തിലെ ഒരാളുടെ നില ​ഗുരുതരമാണ്. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും പരിക്കേറ്റ ആളെ കമ്പത്തെ ഗവ. ആശുപത്രിയിലും  പ്രവേശിപ്പിച്ചു. ഏഴ് പേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. മരിച്ചവരുടെ മൃതദേഹം തേനിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 

കുമളി - കമ്പം റൂട്ടിൽ തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന ആദ്യ പെൻസ്റ്റോക്ക് പൈപ്പിന് സമീപമാണ് അപകടം. 40 അടി താഴ്ചയിൽ പൈപ്പിനു മുകളിലേക്കാണു വാഹനം മറിഞ്ഞത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവ സ്ഥലത്ത് ആദ്യമെത്തിയത്. വാഹനം തല കീഴായി കിടന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.  

പെൻസ്റ്റോക്ക് പൈപ്പ് കടന്നു പോകുന്ന പാലമായതിനാൽ സാധാരണ റോഡിനെക്കാൾ വീതി കുറവാണ്. വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com