ദിലീപിന്റെ സുഹൃത്ത് 'ശരത്ത്' ഫോണ്‍ ഓഫാക്കി മുങ്ങി?,  'മാഡ'ത്തിനായും അന്വേഷണം

ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല
ദിലീപ് അഭിഭാഷകനുമായി സംസാരിച്ചു നിൽക്കുന്നു/ ഫയൽ
ദിലീപ് അഭിഭാഷകനുമായി സംസാരിച്ചു നിൽക്കുന്നു/ ഫയൽ


കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ 'ശരത്തി'നെയും ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യും. ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചതിന് പിന്നാലെ ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. 

പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാന്‍ ഇരുവരുടെയും ശബ്ദ സാംപിളുകള്‍ അന്വേഷണ സംഘം ശേഖരിക്കും. അതേസമയം ഗൂഢാലോചനാക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 'വിഐപി' താനല്ലെന്ന് വ്യക്തമാക്കി മെഹ്ബൂബ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. 2017 നവംബര്‍ 15 ന് ദിലീപിന്റെ വീട്ടിലെത്തിയ, കേസിലെ ആറാം പ്രതിയായ വിഐപി കൈമാറിയ പെന്‍ഡ്രൈവില്‍ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് സംവിധാകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. 

കുറ്റകൃത്യത്തിനു ശേഷം നടന്‍ ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യവസായിയിലേക്കാണ് ഇപ്പോള്‍ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയ്ക്കു പുറമേ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിഐപിക്ക് കൈമാറിയത് ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. വിഐപിയെ തിരിച്ചറിയാന്‍ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കും.

'മാഡ'ത്തിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി 

അതിനിടെ, സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍, 'മാഡ'ത്തിനായുള്ള അന്വേഷണവും ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. ഒരു സ്ത്രീയാണ് കേസില്‍ ശിക്ഷ അനുഭവിക്കേണ്ടിയിരുന്നതെന്ന് നടന്‍ ദിലീപ് സംസാരിക്കുന്നത് കേട്ടുവെന്നാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. 

'സത്യത്തില്‍ ഞാന്‍ ശിക്ഷ അനുഭവിക്കേണ്ടതല്ല' എന്നും 'ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ്' എന്നും 'അവരെ രക്ഷിച്ചു രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു' എന്നും ദിലീപ് സുഹൃത്ത് ബൈജുവിനോട് പറയുന്നത് കേട്ടുവെന്നാണ് വെളിപ്പെടുത്തല്‍. ഈ സംഭാഷണം ബാലചന്ദ്രകുമാര്‍ തന്നെ റെക്കോഡ് ചെയ്യുകയും ചെയ്തു.

'മാഡം സിനിമാ മേഖലയില്‍ നിന്നുള്ളയാളാണ്' എന്ന് പ്രതി പള്‍സര്‍ സുനി ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് കേസില്‍ 'മാഡത്തിന് വലിയ പങ്കില്ല' എന്ന് പള്‍സര്‍ സുനി തിരുത്തിപ്പറയുകയും ചെയ്തിരുന്നു. ഇതോടെ  അവസാനിച്ച മാഡത്തെക്കുറിച്ചുള്ള അന്വേഷണമാണ് വീണ്ടും ഊര്‍ജ്ജിതമാക്കിയത്. ക്രൈംബ്രാഞ്ചിന്റെ 13 പേരടങ്ങുന്ന സംഘം മൂന്നായി തിരിഞ്ഞാണ് കേസ് അന്വേഷിച്ചുക്കൊണ്ടിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com