'ഞാൻ സേഫാണ്', സുഹൃത്തുക്കളുടെ കോളിന് കിരണിന്റെ മറുപടി; ഫോൺവിളി ഓടിപ്പോയതിനു ശേഷമെന്ന് പൊലീസ്, ദുരൂഹത

അക്രമികളിൽ ഒരാൾ ബൈക്കിൽ കയറ്റിക്കൊണ്ടുപോയതിനു പിന്നാലെ കിരണിനെ വാട്സ്ആപ്പ് കോൾ ചെയ്ത സുഹൃത്തുക്കളോട് താൻ സേഫ് ആണ് എന്നാണ് മറുപടി നൽകിയത്
കിരണ്‍
കിരണ്‍

തിരുവനന്തപുരം; സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെത്തേടി ആഴിമലയിൽ എത്തി ദുരൂഹ സാഹചര്യത്തിൽ കാണാതായ കിരണി(25)ന്റേതെന്നു സംശയിക്കുന്ന മൃതദേഹം ഇന്നലെയാണ് തമിഴ്നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മൻതുറ തീരത്തു കണ്ടെത്തിയത്. ഇതിനു പിന്നാലെ കിരണിന്റേത് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കളും രം​ഗത്തെത്തിയിരുന്നു. ഏറെ ദുരൂഹതകൾ നിറയ്ക്കുന്നതാണ് കിരണിന്റെ തിരോധാനം. 

അക്രമികളിൽ ഒരാൾ ബൈക്കിൽ കയറ്റിക്കൊണ്ടുപോയതിനു പിന്നാലെ കിരണിനെ വാട്സ്ആപ്പ് കോൾ ചെയ്ത സുഹൃത്തുക്കളോട് താൻ സേഫ് ആണ് എന്നാണ് മറുപടി നൽകിയത്. കടലിനു സമീപത്തെ റോഡിലേക്ക് ഓടിപ്പോകുന്ന വിഡിയോ ദൃശ്യത്തിനു ശേഷമുള്ള സമയത്താകാം കിരണിന്റെ മറുപടി എന്നാണ് വിഴിഞ്ഞം പൊലീസിന്റെ നി​ഗമനം. കിരൺ ഓടി മറയുന്നതും വാട്സ് ആപ് കോൾ മറുപടിയും തമ്മിൽ ഏകദേശം 5 മിനുട്ടുകളുടെ വ്യത്യാസം മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്. ഫോണിലെ സാങ്കേതിക തടസ്സം കാരണം   കോൾ  സമയം കൃത്യമായി കണ്ടെടുക്കാനാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഈ കോളിനു ശേഷം എന്തു സംഭവിച്ചു എന്നതിലാണ് പ്രധാനമായും വ്യക്ത വരേണ്ടത്.

കിരൺ ഓടിപ്പോകുന്ന കോൺക്രീറ്റ് റോഡ് കടൽ തീരം വരെ ഇല്ല. ഏകദേശം 100 മീറ്റർ മുൻപ് അവസാനിക്കുകയാണ്. തുടർന്ന് ചെറിയ നടവഴിയും പാറക്കെട്ടു നിറഞ്ഞ ഭാഗവുമാണ്. ഇതിനു ശേഷമാണ് കടൽ. ഓടി വന്നു കടലിൽ വീഴാനുള്ള സാധ്യതയും വിരളമാണ്. തീരത്തേക്കു പോകുന്ന റോഡിലൂടെ കിരൺ പരിഭ്രാന്തനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ ലഭിച്ചിരുന്നു. 

ഫെയ്സ് ബുക്കു വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കിരൺ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ  പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ള  സംഘം വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞു  മർദിച്ചുവെന്നാണ് കിരണിന്  ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുമെന്നു പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റി കൊണ്ടു പോയെന്നും ഇതിനിടെ കിരണിനെ കാണാതായെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി. അന്വേഷിച്ചപ്പോൾ കിരൺ മൂത്രശങ്ക മാറ്റാൻ പോയെന്നും പറഞ്ഞ് തങ്ങളെ അസഭ്യവർഷത്തോടെ ഭീഷണിപ്പെടുത്തി മടക്കിയയച്ചെന്നും അവർ പറഞ്ഞു. 

ഇന്നലെ പുലർച്ചെയോടെയാണ് 25– 30 വയസ്സ് പ്രായമുള്ളയാളുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. വസ്ത്രങ്ങൾ ഇല്ലായിരുന്നു. വലതു കയ്യിലെ വെളുത്ത ചരടും കാൽ വിരലുകളുടെ പ്രത്യേകതയും കണ്ടാണു ബന്ധുക്കൾ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ഡിഎൻഎ പരിശോധന ഫലം ലഭിച്ചതിനു ശേഷമായിരിക്കും കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരിക്കുക. പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധു–മിനി ദമ്പതിമാരുടെ മൂത്ത മകൻ കിരണിനെ കഴിഞ്ഞ 9 ന് ഉച്ചകഴിഞ്ഞാണു കാണാതായത്. ബന്ധുക്കളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ആഴിമല സ്വദേശിനിയെ കാണാനാണു കിരൺ എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com