വക്കീല്‍ ഓഫീസിലെ ജീവനക്കാരിയെ ആക്രമിച്ചു; കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന് എതിരെ കേസ്

പരാതിയില്‍ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീര്‍പ്പാക്കിയതാണെന്നും ബിആര്‍എം ഷെഫീര്‍ പ്രതികരിച്ചു
ബിആര്‍എം ഷെഫീര്‍/ഫെയ്‌സ്ബുക്ക്
ബിആര്‍എം ഷെഫീര്‍/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: വക്കീല്‍ ഓഫീസിലെ വനിതാ ക്ലര്‍ക്കിനെ ആക്രമിച്ചെന്ന പരാതിയില്‍ കെപിസിസി സെക്രട്ടറി ബിആര്‍എം ഷെഫീറിനെതിരേ പൊലീസ് കേസെടുത്തു. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്. അഭിഭാഷകനായ ബിആര്‍എം ഷെഫീര്‍ ദേഹത്തുപിടിച്ച് തള്ളിയിട്ടു എന്നതടക്കം ആരോപിച്ചാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരി പൊലീസില്‍ പരാതി നല്‍കിയിട്ടുള്ളത്.

അതേസമയം, പരാതിയില്‍ കഴമ്പില്ലെന്നും നേരത്തെ ഒത്തുതീര്‍പ്പാ ക്കിയതാണെന്നും ബിആര്‍എം ഷെഫീര്‍ പ്രതികരിച്ചു. തന്റെ ഓഫീസില്‍നിന്ന് ചില പ്രമാണങ്ങള്‍ കാണാതായ സംഭവത്തില്‍ നേരത്തെ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതിനുപിന്നാലെയാണ് ജീവനക്കാരി തനിക്കെതിരേ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ 18 കൊല്ലമായി നെടുമങ്ങാട് കോടതിയില്‍ അഭിഭാഷകനാണ്. നിരവധി ബാങ്കുകളുടെ ലീഗല്‍ അഡൈ്വസറുമാണ്. ബാങ്കില്‍നിന്ന് വായ്പ ലഭിക്കാന്‍ നല്‍കിയ അപേക്ഷയും നാല് പ്രമാണങ്ങളും അടങ്ങുന്ന ഫയല്‍ അടുത്തിടെ ഓഫീസില്‍നിന്ന് കാണാതായി. ഈ സംഭവത്തില്‍ രണ്ടാംതീയതി ഡിവൈഎസ്പിക്ക് പരാതി നല്‍കി. ജീവനക്കാരെ അടക്കം പൊലീസ് ചോദ്യംചെയ്തു. പരാതി നല്‍കിയ ദമ്പതിമാരായ ക്ലര്‍ക്കുമാര്‍ തന്റെ ഓഫീസില്‍ എട്ടുകൊല്ലമായി ജോലി ചെയ്യുന്നവരാണ്. അവരെയും ചോദ്യംചെയ്തു. പത്താം തീയതി നെടുമങ്ങാട് സിഐയും ഷെഫീറും ഉപദ്രവിക്കുന്നതായി ഓഫീസിലെ ദമ്പതിമാര്‍ റൂറല്‍ എസ്പിക്ക് മുമ്പാകെ പരാതി നല്‍കി. പിന്നീട് ബാര്‍ അസോസിയേഷന്‍ ഇടപെട്ട് രണ്ടുപരാതികളും ഒത്തുതീര്‍പ്പാക്കി. നഷ്ടപ്പെട്ട പ്രമാണങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് എടുക്കാമെന്നും രണ്ട് പരാതികളും പിന്‍വലിക്കാമെന്നുമായിരുന്നു ധാരണ. അതിനാല്‍ ഇതെല്ലാം ഒത്തുതീര്‍പ്പാക്കിയതാണെന്നും ബിആര്‍എം ഷെഫീര്‍ പറഞ്ഞു.

അതിനിടെ, ബിആര്‍എം ഷെഫീറിനെതിരായ പരാതിയില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ഷെഫീറിനെതിരായ പരാതി അതീവഗൗരവതരമാണെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com