മാടപ്പള്ളി സഭയില്‍, പ്രതിപക്ഷ ബഹളം; അടി കിട്ടാത്തതിന്റെ പ്രശ്‌നമെന്ന് മന്ത്രി സജി ചെറിയാന്‍; പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫ് ചെയ്തു

ചോദ്യോത്തര വേള ഭംഗിയായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍, സ്പീക്കര്‍ അധികാരം ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
പ്രതിപക്ഷം പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നു/ ടെലിവിഷൻ ദൃശ്യം
പ്രതിപക്ഷം പ്ലക്കാർഡുകളുമായി പ്രതിഷേധിക്കുന്നു/ ടെലിവിഷൻ ദൃശ്യം

തിരുവനന്തപുരം : കെ- റെയില്‍ സര്‍വേയുമായി ബന്ധപ്പെട്ട് കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിലുണ്ടായ പൊലീസ് നടപടിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തര വേളയ്ക്കിടെയാണ് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയത്. പൊലീസിന്റേത് നരനായാട്ടാണെന്ന് ആരോപിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ ബഹളം. 

ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന കീഴ് വഴക്കം ഇല്ല. സഭയില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണ്. അംഗങ്ങള്‍ സീറ്റുകളിലേക്ക് മടങ്ങിപ്പോകണമെന്നും സ്പീക്കര്‍ എംബി രാജേഷ് ആവശ്യപ്പെട്ടു. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. 

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ഇത്തരം പ്രതിഷേധങ്ങള്‍ പതിവില്ലെന്നും ശൂന്യവേളയില്‍ പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു. എന്നാല്‍ ഇത് പ്രതിപക്ഷം അംഗീകരിച്ചില്ല. ഇതിനിടെ സ്പീക്കര്‍ ചോദ്യോത്തരവേളയുമായി മുന്നോട്ടുപോയി. പ്രതിപക്ഷം കാര്യം അറിയാതെ ബഹളം വെക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഇവര്‍ക്ക് കാര്യമായ അടി കിട്ടിയിട്ടില്ല അതിന്റെയാണ് പ്രശ്‌നമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

ഇതിനിടെ ബഹളം രൂക്ഷമായി.  പ്ലക്കാര്‍ഡുകളും ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ നിയമസഭാ നടപടികളുമായി സഹകരിക്കാനാവില്ലെന്നും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സഭ ബഹിഷ്‌കരിച്ച ശേഷം ബഹളം വെക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. 

ഇതിനിടെ പ്രതിപക്ഷനേതാവിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു. ചോദ്യങ്ങള്‍ ചോദിക്കാനും സര്‍ക്കാരിന് മറുപടി പറയാനുമുള്ള അവസരം ബോധപൂര്‍വം ഒഴിവാക്കുകയാണ്. പ്രതിപക്ഷ നേതാവിന് അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ് വേണ്ടത്. വസ്തുതകള്‍ ഉന്നയിക്കുകയല്ല. കെട്ടിച്ചമച്ച കാര്യങ്ങള്‍ ഉന്നയിക്കാനാണ് താത്പര്യം. അതുകൊണ്ട് ചോദ്യോത്തര വേള ഭംഗിയായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍, സ്പീക്കര്‍ അധികാരം ഉപയോഗിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

പ്രതിപക്ഷ നേതാവ് സംസാരിച്ചുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഇതേത്തുടര്‍ന്ന് പ്രതിപക്ഷനേതാവിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. താന്‍ സംസാരിച്ചുകൊണ്ടിരിക്കെ, തന്റെ അനുവാദമില്ലാതെ മൈക്ക് ഓഫ് ചെയ്തത് അനൗചിത്യമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ബഹിഷ്‌കരണം പ്രഖ്യാപിച്ച പ്രതിപക്ഷം സഭയിലെത്തി വീണ്ടും ബഹളം തുടര്‍ന്നതോടെ സഭ അല്‍പ്പനേരത്തേക്ക് നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. ഇതിന് ശേഷം പ്രതിപക്ഷം പ്ലക്കാര്‍ഡുകളും ബാനറുകളുമായി നിയമസഭയുടെ പുറത്തേക്കിറങ്ങി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com