കൊലപ്പെടുത്തിയ ശേഷം തുണ്ടം തുണ്ടമായി വെട്ടിനുറുക്കി, ഉപ്പു വിതറി കുഴിച്ചിട്ടു; മുകളില്‍ തുളസി നട്ടു; പ്രതികളെ എത്തിച്ച് തെളിവെടുപ്പ്

ലഭിച്ചത് പത്മയുടെ മൃതദേഹമാണോ എന്നറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ട്
പ്രതി ഷാഫിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍/ ടിവിദൃശ്യം
പ്രതി ഷാഫിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോള്‍/ ടിവിദൃശ്യം

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങള്‍ പ്രതിയായ ഭ​ഗവൽ സിങ്ങിൻരെ പുരയിടത്തിലെ രണ്ടിടത്തായാണ് കുഴിച്ചിട്ടത്. പത്മയുടെ മൃതദേഹം കുഴിച്ചിട്ടുവെന്ന് പ്രതി പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കഷണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. തല ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതായാണ് സൂചന. മൃതദേഹം കഷണങ്ങളാക്കിയശേഷം ഉപ്പു വിതറിയാണ് കുഴിച്ചിട്ടത്. 

മൃതദേഹത്തിന്റെ 20 ഓളം കഷണങ്ങളാണ് സ്ഥലത്ത് കുഴിച്ചുള്ള പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് വിവരം. കൈകാലുകള്‍ മുറിച്ചു മാറ്റിയിരുന്നു. പത്മയുടെ മൃതദേഹം കുഴിച്ചിട്ടതിന് മുകളില്‍ തുളസി തൈ നട്ടിരുന്നു. ലഭിച്ച മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമേയുള്ളൂവെന്ന് കൊച്ചി ഡിസിപി പറഞ്ഞു. തെളിവെടുപ്പിനായി മുഖ്യപ്രതി ഷിഹാബ് എന്ന മുഹമ്മദ് ഷാഫിയെ സംഭവസ്ഥലത്തെത്തിച്ചിരുന്നു. 

വീടിനോട് ചേര്‍ന്ന് മരങ്ങള്‍ക്കിടയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. ലഭിച്ചത് പത്മയുടെ മൃതദേഹമാണോ എന്നറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തേണ്ടതുണ്ട്. ഇതിനായി കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും പൊലീസിനൊപ്പമുണ്ട്. കൂടാതെ കൊലപാതകം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ക്കായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. 

പ്രതികള്‍ നേരത്തെ നരബലി നടത്തിയശേഷം കുഴിച്ചിട്ട റോസ്‌ലിയുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തേണ്ടതുണ്ട്. വീടിന്റെ അലക്കുകല്ല് സ്ഥിതിചെയ്യുന്നതിന് സമീപത്താണ് റോസ്‌ലിയുടെ മൃതദേഹം കുഴിച്ചിട്ടതെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. ഇതിനു മുകളില്‍ മഞ്ഞളും നട്ടിരുന്നു. കൊല്ലപ്പെട്ട സ്ത്രീകളെ പ്രലോഭിപ്പിച്ച് ഇലന്തൂരിലെ പ്രതികളുടെ വീട്ടില്‍ എത്തിച്ച ശേഷം കൈകാലുകള്‍ കെട്ടിയിട്ടു മാറിടം അറുത്തുമാറ്റി രക്തം വാര്‍ന്നുശേഷം കഴുത്തില്‍ കത്തി കുത്തിയിറക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. 

ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. പത്മയെയും റോസ്‌ലിനെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പറവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു വാഹനം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ സ്ത്രീകൾ ഇരയായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായും കമ്മിഷണർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com