വിശ്വാസികളെ തള്ളിക്കളഞ്ഞ് അന്ധവിശ്വാസത്തിനെതിരായ പോരാട്ടം അപ്രായോഗികം; വിശ്വാസവും വർ​ഗീയതയും രണ്ടെന്ന് എം വി ഗോവിന്ദൻ

ജാതിയുടെയും മതത്തിന്റെയും പേരിൽ വിശ്വാസികളെ സംഘടിപ്പിച്ചാൽ അത്‌ വർഗീയതയല്ല
എം വി ഗോവിന്ദന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന് / ഫെയ്‌സ്ബുക്ക്
എം വി ഗോവിന്ദന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന് / ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം : വിശ്വാസികളെ തള്ളിക്കളഞ്ഞ് അന്ധവിശ്വാസത്തിനെതിരെ പോരാട്ടം സംഘടിപ്പിക്കണമെന്ന് പറയുന്നത് അപ്രായോഗികമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പോരാട്ടത്തിൽ വിശ്വാസികളെയും ചേർത്തുനിർത്തണം. വർഗീയതയെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തിരിച്ചറിയണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ശാസ്ത്ര സംവാദങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 
തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘ബി സയന്റിഫിക്‌, ബി ഹ്യൂമൻ– ലെറ്റ്‌സ്‌ ടോക്‌’ എന്ന പേരിൽ സംസ്ഥാനത്താകെ 2000 കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്ഐ ശാസ്ത്ര സംവാദം സംഘടിപ്പിക്കുന്നത്.  
 
വിശ്വാസവും വർഗീയതയും രണ്ടാണ്‌. വിശ്വാസിയായി ജീവിക്കുന്നവർക്ക് അതുമായി മുന്നോട്ടുപോകാം. വിശ്വാസി വർഗീയവാദിയല്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ വിശ്വാസികളെ സംഘടിപ്പിച്ചാൽ അത്‌ വർഗീയതയല്ല. എന്നാൽ, ഇങ്ങനെ സംഘടിപ്പിച്ച്‌ രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുമ്പോഴാണ്‌ വർഗീയത ഉണ്ടാകുന്നത്‌. ഈ വർഗീയതയ്‌ക്കും അന്ധവിശ്വാസത്തിനും എതിരെ വിശ്വാസികളെക്കൂടി ചേർത്ത്‌ പ്രതിരോധിച്ചേ  വിജയിപ്പിക്കാനാകൂവെന്ന് ​ഗോവിന്ദൻ പറഞ്ഞു.

സ്വതന്ത്രചിന്തയുടെ പ്രാധാന്യം വർധിച്ചുവരികയാണ്. ശാസ്‌ത്രബോധം സമൂഹത്തിൽ അനിവാര്യഘടകമാണ്‌. മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയായ കേരളത്തിൽപ്പോലും  അന്ധവിശ്വാസ ജഡിലമായ അനാചരങ്ങൾ നീക്കാനായിട്ടില്ലെന്നാണ്‌ സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്‌. അപ്പോൾ മറ്റ്‌ സംസ്ഥാനങ്ങളുടെ സ്ഥിതി ആലോചിക്കണം. 

ബിജെപി ഭരിക്കുന്ന രാജ്യത്ത് അന്ധവിശ്വാസത്തിന് നിയമപരമായ പരിരക്ഷയാണ്‌ ലഭിക്കുന്നത്‌. പ്ലാസ്റ്റിക് സർജറി ഗണപതിയുടെ കാലത്തേ ഉണ്ടെന്ന്‌ പ്രചരിപ്പിച്ച്‌ അന്ധവിശ്വാസം ആളിക്കത്തിക്കുകയാണ്‌ കേന്ദ്ര സർക്കാർ. ഇത്‌ ഇത്തരം അനാചാരക്കാർക്ക്‌ പിന്തുണയാകുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌  വി വസീഫ്, ഡോ.  ബി ഇഖ്ബാൽ, ജോൺ ബ്രിട്ടാസ് , പി കെ രാജശേഖരൻ,  സന്ദീപാനന്ദഗിരി തുടങ്ങിയവർ സംബന്ധിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com