കഷായത്തിന്റെ കാര്യം വീട്ടില്‍ അറിയിച്ചില്ല, ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്; ഷാരോണിന്റെ അവസാന ശബ്ദസന്ദേശം പുറത്ത്; ദുരൂഹതയേറുന്നു

ഷാരോണിന്റെ വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണെന്ന്  രക്തപരിശോധനാ ഫലം വ്യക്തമാക്കുന്നു
ഷാരോണ്‍ രാജ്‌ /ഫയല്‍ ചിത്രം
ഷാരോണ്‍ രാജ്‌ /ഫയല്‍ ചിത്രം

തിരുവനന്തപുരം: പാറശ്ശാലയില്‍ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. മരിച്ച ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശം പുറത്തുവന്നു. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തില്‍  ഷാരോണ്‍ പറയുന്നത്. ജ്യൂസ് കുടിച്ചെന്നാണ് വീട്ടില്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ പറയുന്നത്. 

''കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ... ഞാന്‍ പറഞ്ഞത്... നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ... എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞത്...ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ... അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് വീട്ടില്‍ പറഞ്ഞത്'' ശബ്ദസന്ദേശത്തില്‍ യുവാവ് പറയുന്നു. 

''ശരിക്കും ഈ ജ്യൂസിനെന്തോ സംശയം തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ... കുഴപ്പമൊന്നുമില്ലല്ലോ... ഇനി അതും റിയാക്ട് ചെയ്തതാണോ എന്തോ... '' എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

ഷാരോണിന്റെ മരണത്തില്‍ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് പൊലീസ് പറയുന്നത്. കഷായം കുടിച്ച ശേഷം ജ്യൂസ് പോലുള്ള മറ്റെന്തെങ്കിലും പാനീയം കുടിച്ചപ്പോള്‍ പ്രതിപ്രവര്‍ത്തനം ഉണ്ടായതാണോ മരണത്തിലേക്ക് നയിച്ചതെന്നും പരിശോധിക്കുന്നുണ്ട്. 

ഷാരോണ്‍ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയതാണെന്നാണ് യുവാവിന്റെ വീട്ടുകാര്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകളൊന്നും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നാണ് പൊലീസ് പറയുന്നത്. 

അതിനിടെ, സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് യുവാവിന്റെ രക്തപരിശോധനാ ഫലം പുറത്തുവന്നിരുന്നു. ഷാരോണ്‍ രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14-ാം തീയതിയിലെയും, 17-ാം തീയതിയിലെയും രക്തപരിശോധനാഫലങ്ങളാണ് പുറത്തു വന്നത്. ആദ്യ രക്തപരിശോധനാ ഫലത്തില്‍ ബിലിറൂബിന്‍ കൗണ്ട് ഒന്നാണ്. എന്നാല്‍ രണ്ടു ദിവസത്തിനിടെ ബിലിറൂബിന്‍ കൗണ്ട് അഞ്ചായി ഉയര്‍ന്നുവെന്ന് റിസള്‍ട്ട് വ്യക്തമാക്കുന്നു. 

ആദ്യ രക്തപരിശോധനാ ഫലത്തില്‍ ഷാരോണിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വ്യക്തമാകുന്നത്. ആന്തരികാവയവങ്ങള്‍ക്കും കാര്യമായ തകരാറൊന്നും ആദ്യ പരിശോധനാഫലത്തില്‍ സൂചിപ്പിക്കുന്നില്ല. ഷാരോണിന്റെ വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും തുടര്‍ന്നുള്ള റിസള്‍ട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ രാജ് മരിച്ചത്. 

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ മൂന്നാം വര്‍ഷ ബിഎസ്എസി വിദ്യാര്‍ത്ഥിയായ ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവര്‍മ്മന്‍ ചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിര്‍ത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്ന്  റെജിന്‍ പറയുന്നു. പെൺകുട്ടി നല്‍കിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോണ്‍ രാജിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com