കൊല്ലത്തും തിരുവനന്തപുരത്തും അതിശക്ത മഴ, കാറ്റില്‍ വന്‍നാശനഷ്ടം; വീടുകള്‍ക്ക് മുകളില്‍ മരം വീണു, ട്രാക്കില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും കനത്തമഴ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  കൊല്ലം ജില്ലയിലും തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിലും കനത്തമഴ. ശക്തമായ കാറ്റില്‍ കൊല്ലത്ത് വന്‍ നാശനഷ്ടം. ഓച്ചിറയിലും മുണ്ടയ്ക്കലും വീടുകള്‍ക്ക് മുകളില്‍ മരം വീണു. പരവൂര്‍ പൂതകുളം കലയ്‌ക്കോട് വൈദ്യുതിലൈനിന് മുകളില്‍ മരം വീണും നാശനഷ്ടമുണ്ടായി. ഏഴുകോണിനും കുണ്ടറയ്ക്കും ഇടയില്‍ റെയില്‍വേ പാളത്തില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കനത്തകാറ്റിനെ തുടര്‍ന്ന് മീന്‍പിടിത്ത ബോട്ടുകള്‍ കരയ്ക്ക് അടുപ്പിച്ചു.

തിരുവനന്തപുരത്ത് മലയോര മേഖലയില്‍ കനത്തമഴ തുടരുകയാണ്. വാമനപുരം നദി കരകവിഞ്ഞ് മങ്കയം, കല്ലാര്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മലയോര മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. 

നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. 100 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്. ഷട്ടറുകള്‍ 180 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നാളെ ജില്ലയില്‍ അതിതീവ്രമഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ മലയോരത്തും തീരമേഖലയിലും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. തീരമേഖലയില്‍ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. കടല്‍ക്ഷോഭം രൂക്ഷമാണ്.ഖനനത്തിനും വിലക്കുണ്ട്. ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ടയിലും കനത്തമഴ തുടരുകയാണ്. പമ്പ നിറഞ്ഞൊഴുകുകയാണ്. ചെറുതോടുകളും നിറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com