'സിപിഎമ്മിന് എന്താണ് ഇത്ര അസ്വസ്ഥത?; ഉമ്മാക്കി കാട്ടി ഭയപ്പെടുത്തേണ്ട'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുരളീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd April 2022 09:34 PM |
Last Updated: 03rd April 2022 09:34 PM | A+A A- |

വി മുരളീധരന്‍ /ഫയല്‍ ചിത്രം
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ സമരം ചെയ്യുന്നതും സംസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറെ അധിക്ഷേപിക്കുന്നതും എന്ത് ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം നടത്തിയതിന് എതിരെയുള്ള സിപിഎം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ താന്‍ നേരിട്ട് കാണാന്‍ പോകുന്നതിന് സിപിഎമ്മിന് എന്താണ് ഇത്ര അസ്വസ്ഥതയെന്നും അദ്ദേഹം ചോദിച്ചു. നാടിന്റെ പുരോഗതിക്കായി ആണോ കിടപ്പാടം കവര്‍ന്നെടുക്കാന്‍ ആണോ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
'ഇത്തരത്തിലുള്ള ഒരു ഗതികേട് ഒരു മന്ത്രിക്കുണ്ടാകുമോ'; വി മുരളീധരന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി
ശീതീകരിച്ച മുറിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരെ കണ്ടതുപോലെ അല്ല മറിച്ച് താന്‍ നടന്നാണ് കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയാന്‍ ജനങ്ങളുടെ ഇടയില്‍ ചെന്നത്. ഫെഡറല്‍ തത്വങ്ങള്‍ എന്ന ഉമ്മാക്കി കാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്നും ഇനിയും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് നേതാക്കള്‍ എല്ലായിപ്പോഴും അവരുടെ താല്‍പ്പര്യങ്ങള്‍ എതിര്‍ക്കുന്നവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് പതിവ് രീതിയാണ്. സമരത്തിന് മുന്നില്‍ നില്‍ക്കുന്ന ജനങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തീവ്രവാദികളാണ്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് നടക്കുന്ന സമരം വിമോചന സമരം എന്നാണ് മുദ്ര കുത്തിയത്. ഇത് ഇപ്പോഴൊന്നും തുടങ്ങിയതല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം തന്നെ അവരുമായി യോജിക്കാത്തവര്‍ക്കെതിരെ അധിക്ഷേപ വാക്കുകള്‍ ചൊരിയുക എന്നതാണ്. സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കി എന്ന് വിളിച്ച ആളുകള്‍ തനിക്കെതിരെ വിലകുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് തന്നെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്ന് സിപിഎം ധരിക്കേണ്ടേന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.