ലവ് ജിഹാദ് പരാമര്‍ശം: ജോര്‍ജ് എം തോമസിന് പരസ്യ ശാസന, അച്ചടക്ക നടപടിയുമായി സിപിഎം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th April 2022 06:15 PM  |  

Last Updated: 20th April 2022 07:15 PM  |   A+A-   |  

george_thomas

ജോര്‍ജ് എം തോമസ്

 

കോഴിക്കോട്: ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം  കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പാലിക്കണം. പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചു വേണം പ്രതികരണങ്ങള്‍ നടത്തേണ്ടത് എന്ന് നടപടി വിശദീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. 

വിഷയത്തില്‍ വന്ന വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കി. പരസ്യമായി നടത്തിയ അഭിപ്രായ പ്രകടനം പാര്‍ട്ടി ആവര്‍ത്തിച്ചു തള്ളി പറഞ്ഞു. ജോര്‍ജ് എം തോമസ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടി സ്വീകരിച്ചതെന്നും പി മോഹനന്‍ വ്യക്തമാക്കി. 

ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍, ജോയ്‌സ്‌ന വിവാഹത്തിന് എതിരെയായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പരാമര്‍ശം. പാര്‍ട്ടി അറിയാതെ നടത്തിയ വിവാഹം ലവ് ജിഹാദ് ആണെന്നായിരുന്നു പരാമര്‍ശം. ലവ് ജിഹാദിനെ പറ്റി സിപിഎം പാര്‍ട്ടി രേഖകളിലും പറയുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് ജോര്‍ജ് എം തോമസ് പ്രസ്താവന തിരുത്തിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ ഞായറാഴ്ച വരെ നീട്ടി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ