മുഖ്യമന്ത്രിക്ക് പിന്നാലെ കോടിയേരിയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക്; സെക്രട്ടറിയുടെ ചുമതല പാര്‍ട്ടി സെന്ററിന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു .മുഖ്യമന്ത്രി പിണറായി വിജയന്‍ മയോക്ലിനിക്കിലെ തുടര്‍ച്ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ശനിയാഴ്ചയാണ് അമേരിക്കയിലേക്കുപോകുന്നത്. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം.
കോടിയേരി ബാലകൃഷ്ണന്‍ യുഎസിലേക്ക് പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ആര്‍ക്കും കൈമാറില്ല. രണ്ടാഴ്ചത്തെ തുടര്‍ ചികിത്സയാണ് കോടിയേരിക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ വരുന്ന രണ്ടാഴ്ചക്കാലമെങ്കിലും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും സംസ്ഥാനത്തുണ്ടാവില്ല. പോളിറ്റ് ബ്യൂറോയുടെ അനുമതിയോടെയാണു ചികിത്സയ്ക്കായി ഇരുവരും വിദേശത്തേക്കു പോകുന്നത്.
പാന്‍ക്രിയാസിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് 2019ല്‍ കോടിയേരി അമേരിക്കയില്‍ ചികില്‍സ തേടിയിരുന്നു. രണ്ടു വര്‍ഷത്തിനുശേഷം പരിശോധനയ്ക്കായി എത്തണമെന്നായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞ സാഹചര്യത്തിലാണ് വീണ്ടും പരിശോധനയ്ക്കായി പോകുന്നത്.
ദീര്‍ഘകാലത്തേക്കു മാറി നില്‍ക്കുന്നില്ല എന്നതിനാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ ചുമതല കോടിയേരി മറ്റാര്‍ക്കും കൈമാറുന്നില്ലെന്നാണു വിവരം. പാര്‍ട്ടി സെന്ററാകും സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക