വിഴിഞ്ഞം സമരത്തെ പിന്തുണയ്ക്കില്ല; പ്രതിപക്ഷത്തിരിക്കുന്നവര്‍ ഒരു ഉത്തരവാദിത്വവുമില്ലാത്തവര്‍; ബിജെപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th August 2022 05:38 PM  |  

Last Updated: 17th August 2022 05:38 PM  |   A+A-   |  

K_SURENDRAN

കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

 


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി തടസപ്പെടുത്തുന്ന പ്രതിഷേധങ്ങളുമായി സഹകരിക്കാന്‍ ബിജെപിയുണ്ടാവില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരള സര്‍ക്കാര്‍ ഉറപ്പുപാലിക്കാത്ത സാഹചര്യത്തിലാണ് അവര്‍ സമരം നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെയും തിരുവന്തപുരത്തിന്റെയും വികസനത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ പദ്ധതിയാണ്‌. പ്രതിപക്ഷം സമരക്കാര്‍ക്കൊപ്പമാണല്ലോ എന്ന ചോദ്യത്തിന് ഒരു ഉത്തരവാദിത്വവുമില്ലാതെ ഇരിക്കുന്നവരാണ് കേരളത്തിലെതെന്നായിരുന്നു സുരേന്ദ്രന്‍ മറുപടി. 

മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിരുന്നു. സമരം കാരണം നിര്‍മാണ സാധനങ്ങള്‍ തുറമുഖത്തിനകത്തേക്കു കൊണ്ടുവരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അധികൃതരുടെ വിശദീകരണം.

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണമാണു തീരശോഷണത്തിനു കാരണമെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം നടത്തുന്നത്. തുറമുഖത്തിന്റെ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണത്തെക്കുറിച്ചു ശാസ്ത്രീയപഠനം നടത്തണമെന്നാണു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്കു സന്നദ്ധത അറിയിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

വിഴിഞ്ഞത്തെ സമരത്തില്‍ അവിടെയുള്ള ആളുകള്‍ക്ക് പങ്കില്ലെന്നും പുറത്തുനിന്നുള്ളവരാണ് സമരം നടത്തുന്നതെന്നും തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതികരണം. സര്‍ക്കാര്‍ നേരത്തെ വിഷയം ചര്‍ച്ച ചെയ്തിരുന്നു. പുനരധിവാസത്തിനു സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓണച്ചന്തകള്‍ ഈ മാസം 27 മുതല്‍; 10 മുതല്‍ 40 % വരെ വിലക്കുറവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ