വിവാഹ തലേന്ന് സെല്‍ഫി എടുക്കുന്നതിനിടെ വധു ക്വാറിയിലേക്ക് വീണു; 150 അടി താഴ്ചയിലേക്ക് ചാടി രക്ഷകനായി വരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th December 2022 01:33 PM  |  

Last Updated: 09th December 2022 01:33 PM  |   A+A-   |  

groom and bride injured while trying to take selfie

പ്രതീകാത്മക ചിത്രം

 

കൊല്ലം: വിവാഹത്തലേന്നു ക്വാറിയുടെ മുകളില്‍നിന്നു സെല്‍ഫി എടുക്കുന്നതിനിടെ യുവതിയും പ്രതിശ്രുത വരനും 150 അടിയിലേറെ താഴ്ചയില്‍ പാറക്കുളത്തിലേക്കു വീണു. ഒന്നരമണിക്കൂര്‍ നേരം കുളത്തില്‍ കുടുങ്ങിയ ഇരുവരെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും പൊലീസും ചേര്‍ന്നു രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. കൊല്ലം ചാത്തന്നൂര്‍ പരവൂര്‍ കൂനയില്‍ അശ്വതി കൃഷ്ണയില്‍ വിനു കൃഷ്ണനും പ്രതിശ്രുത വധു പാരിപ്പള്ളി പാമ്പുറം അറപ്പുര വീട്ടില്‍ സാന്ദ്ര എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. 

വിവാഹതലേന്ന് വേളമാനൂര്‍ കാട്ടുപ്പുറത്തിന് സമീപമുളള ക്ഷേത്രത്തില്‍ എത്തിയതായിരുന്നു ഇരുവരും. തുടര്‍ന്ന് ഇവര്‍ ക്ഷേത്രത്തിന് സമീപമുളള ക്വാറിയുടെയും കുളത്തിന്റെയും അടുത്തെത്തി. ക്വാറിയുടെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സാന്ദ്ര കാല്‍വഴുതി 150 അടി താഴ്ചയിലേക്ക് വീണു. തുടര്‍ന്ന് രക്ഷിക്കാനായി വിനു കൂടെ ചാടുകയായിരുന്നു. വസ്ത്രത്തില്‍ പിടിച്ചു സാന്ദ്രയെ വലിച്ചടുപ്പിച്ച ശേഷം പാറയുടെ വശത്തു പിടിച്ചു കിടന്നു. 

യുവാവിന്റെ നിലവിളി കേട്ട് അടുത്തുളള റബര്‍ തോട്ടത്തില്‍ നിന്ന് ഒരു യുവാവ് എത്തുകയായിരുന്നു. ഉടന്‍ തന്നെ യുവാവ് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. പാരിപ്പളളി പൊലീസും അഗ്‌നിരക്ഷാസേനയും സംഭവ സ്ഥലത്തെത്തി. പ്രദേശവാസികളായ രണ്ടു യുവാക്കള്‍ ചങ്ങാടത്തില്‍ കുളത്തിലിറങ്ങി ഇരുവരെയും രക്ഷിക്കുകയായിരുന്നു. പരുക്കേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലായതിനാല്‍ വിവാഹം മാറ്റിവെച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

എംഎല്‍എയെ വേദിയില്‍ പരസ്യമായി അപമാനിച്ചു; സാബു എം ജേക്കബിനെതിരെ പട്ടികജാതി നിയമപ്രകാരം കേസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ