നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണം; ദിലീപ് വീണ്ടും ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 10:34 AM  |  

Last Updated: 03rd February 2022 10:34 AM  |   A+A-   |  

dileep_anticipatory_bail_plea

ഫയല്‍ ചിത്രം

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന ആവശ്യവുമായി പ്രതി ദിലീപ് ഹൈക്കോടതിയില്‍. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തുടരന്വേഷണം നടക്കുന്നതെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം വിചാരണക്കോടതി ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. ആറു മാസത്തെ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളിയാണ് കോടതി ഒരു മാസം അനുവദിച്ചത്. എന്നാല്‍ ഇതും ചോദ്യം ചെയ്താണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

തുടന്വേഷണത്തിന് ഒരു മാസം അനുവദിച്ചത് നീതികരിക്കാനാവില്ലെന്ന് ദിലീപ് ഹര്‍ജിയില്‍ പറയുന്നു. എത്രയും വേഗം വിചാരണ പൂര്‍ത്തിയാക്കണം. 28ന് പരാതി ലഭിച്ചു, 29ന് തുടരന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതു നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന്

അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹര്‍ജിയില്‍ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചേക്കും.

ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക.

കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും െ്രെകംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതുകൊണ്ടുതന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

ഫോണുകള്‍ പരിശോധിക്കുന്നതിലും ഇന്ന് തീരുമാനം

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കം മൂത്തതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയില്‍വെച്ച് ഫോണ്‍ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.

പ്രതികള്‍ കൈമാറിയ ഫോണിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തര്‍ക്കം തുടര്‍ന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് െ്രെകംബ്രാഞ്ച് അപേക്ഷ നല്‍കിയത്.