എട്ടു വയസ്സുകാരിയെ ഐസ്‌ക്രീം കാണിച്ചു കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിച്ചു, മധ്യവയസ്‌കന് 20 വര്‍ഷം കഠിന തടവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd February 2022 10:19 AM  |  

Last Updated: 03rd February 2022 10:19 AM  |   A+A-   |  

kunnamkulam pocso case

പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട സെയ്ദ് മുഹമ്മദ്

 

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന് 20 വര്‍ഷം  കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കുന്നംകുളം അതിവേഗ പ്രത്യേക പോക്‌സോ കോടതിയാണ്  ആലത്തൂര്‍ വണ്ടാഴി വന്നാംകോട്  വീട്ടില്‍ സെയ്ത് മുഹമ്മദിനെ (47) ശിക്ഷിച്ചത്. 

2012  ഡിസംബറില്‍ അയല്‍ക്കാരിയായ എട്ടു വയസുകാരിയെ ഐസ്‌ക്രീം കാണിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു പീഡിപ്പിക്കുകയും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. കുട്ടിയുടെ ശരീരത്തില്‍ മുറിപ്പാട് കണ്ടതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയെങ്കിലും ഭയം മൂലം കുട്ടി സംഭവം പറഞ്ഞില്ല. പിന്നീട് പ്രതിയുടെ വീട്ടിലേക്ക് പ്രതിയുടെ കുട്ടിയുടെ കൂടെ കളിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് ചോദിച്ചപ്പോഴാണ് കുട്ടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

വീട്ടുകാര്‍ പരാതി കൊടുക്കാതെ സംഭവം മൂടിവയ്ക്കുകയായിരുന്നു. എന്നാല്‍ അയല്‍ക്കാരായ കുടുംബശ്രീ പ്രവര്‍ത്തകര്‍ വിവരം അറിഞ്ഞു പൊലീസില്‍ അറിയിക്കുകയായിരുന്നു. 

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ.  കെ എസ് ബിനോയ് ഹാജരായി.  14 സാക്ഷികളെ വിസ്തരിക്കുകയും  16 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു.

വാടാനപ്പിളളി സബ് ഇന്‍സ്‌പെക്ടറെയിരുന്ന ടി സി രാമനാഥന്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ വലപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന  കെ ടി സലിലകുമാറാണ്  അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചത്.