യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്: മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th February 2022 07:40 AM  |  

Last Updated: 09th February 2022 08:15 AM  |   A+A-   |  

pinarayi_vijayan_about_youth_trapped_in_hill

ബാബു, പിണറായി വിജയൻ

 

പാലക്കാട്: മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചെന്നും ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളിൽ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങൾക്ക് യുവാവുമായി സംസാരിക്കാൻ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവർത്തനം ഊർജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കിൽ നിന്നും രക്ഷപ്പെടുത്താൻ സാധിക്കും എന്നാണ് കരസേന ടീം നൽകിയിരിക്കുന്ന വിവരം. എയർഫോഴ്സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവിൽ തയ്യാറായിട്ടുണ്ട്, മുഖ്യമന്ത്രി അറിയിച്ചു. 

മലയിൽ കുടുങ്ങിയത് ഇങ്ങനെ

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കൾക്കൊപ്പം ബാബു കൂർമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കൾ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തിൽ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. പാറയിടുക്കിൽ കുടുങ്ങിയ ബാബുവിന്റെ കാലിനു പരിക്കേറ്റിട്ടുണ്ട്. 

താൻ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത്  ബാബു സുഹൃത്തുക്കൾക്കും പൊലീസിനും അയച്ചു. ഡ്രോൺ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തിൽ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്താൻ കഴിഞ്ഞു. ‌ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തുന്നതിനിടെ രക്ഷിക്കണമെന്ന് ഷർട്ടുയർത്തി അഭ്യർഥിച്ചു. പകലിന്റെ ചൂ‌ടും രാത്രിയിലെ തണുപ്പും കാരണം ക്ഷീണിതനാണെങ്കിലും ബാബു സുരക്ഷിതനാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ബാബുവിന്റെ തൊട്ടടുതെത്തിയ രക്ഷാപ്രവർത്തകർ യുവാവുമായി സംസാരിച്ചു എന്നാണ് റിപ്പോർട്ട്.