വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; ഹിജാബ് ധരിച്ച്  സ്വാഗത ഗാനം പാടി വിദ്യാര്‍ത്ഥിനികള്‍; 'ഇതാണ് കേരളം'

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 10th February 2022 04:54 PM  |  

Last Updated: 10th February 2022 04:54 PM  |   A+A-   |  

students-hijab-kerala

ചിത്രം: ട്വിറ്റര്‍

 

വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഹിജാബ് ധരിച്ച് സ്വാഗത ഗാനം പാടി വിദ്യാര്‍ത്ഥിനികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ തുടങ്ങി വിശിഷ്ടാതിഥിള്‍ വേദിയില്‍ ഉള്ളപ്പോഴായിരുന്നു പ്രാര്‍ത്ഥനാ ഗീതം. 

കര്‍ണാടകയിലെ ഹിജാബ് നിരോധന വിവാദം കൊടുമ്പിരികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍, ഈ  ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇത് കേരളത്തിന്റെ മതേതര മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. 

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പൂവച്ചല്‍ എച്ച്എസ്എസില്‍ ആയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  തുടങ്ങിയ വിദ്യാകിരണം മിഷന്റെ ഭാഗമായി 53 സ്‌കൂളുകളാണ് പുതുതായി മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. 90 കോടി രൂപ ചെലവിട്ടാണ് ഈ സ്‌കൂളുകളില്‍ പുതിയ കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.