സി വി വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; എം എം മണിയുടെ മകള്‍ ജില്ലാ കമ്മിറ്റിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th January 2022 12:55 PM  |  

Last Updated: 05th January 2022 12:55 PM  |   A+A-   |  

cv_varghees

സി വി വര്‍ഗീസ്/ഫെയ്‌സ്ബുക്ക്‌

 

കുമളി: സി വി വര്‍ഗീസ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. കെ കെ ജയചന്ദ്രന്‍ ഒഴിഞ്ഞ സാഹചര്യത്തിലാണ് ജില്ലാ സമ്മേളനം സി വി വര്‍ഗീസിനെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 

ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് ഏഴുപേരെ ഒഴിവാക്കിയിട്ടുണ്ട്. പത്തുപേരെ പുതുതായി ഉള്‍പ്പെടുത്തി. മുന്‍മന്ത്രി എംഎം മണിയുടെ മകള്‍ സുമ സുരേന്ദ്രനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. 39 അംഗ ജില്ല കമ്മിറ്റിയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 

എം എം മണിക്ക് എതിരെ എസ് രാജേന്ദ്രന്റെ കത്ത്

അതേസമയം, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കരുത് എന്ന് കാണിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എസ് രാജേന്ദ്രന്‍ കത്ത് നല്‍കി. എംഎം മണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെ കടുത്ത ആരോപണങ്ങളാണ് കത്തിലുള്ളത്. അച്ചടക്ക നടപടിയുടെ ഭാഗമായി രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയേക്കുമെന്ന സൂചന നിലനില്‍ക്കെയാണ് കത്ത് നല്‍കിയിരിക്കുന്നത്.

പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ അറിയച്ചപ്പോള്‍ എംഎല്‍എ ഓഫീസില്‍വെച്ച് എംഎം മണി അപമാനിച്ചു. കുടുംബത്തെ നോക്കി വീട്ടിലിരിക്കാന്‍ പറഞ്ഞു. എംഎം മണി പരസ്യമായി അപമാനിക്കുമെന്ന് ഭയന്നാണ് സമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതെന്നും രാജേന്ദ്രന്‍ കത്തില്‍ പറയുന്നു.

മൂന്നു ടേം എംഎല്‍എ ആയതിന്റെ പെന്‍ഷനും വാങ്ങി അച്ഛനെയും അമ്മയെയും നോക്കി കഴിഞ്ഞോളാന്‍ എംഎം മണി പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെവി ശശി തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചു. പള്ളന്‍ എന്ന ജാതിയുടെ പേരില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും രാജേന്ദ്രന്‍ പറഞ്ഞു.

എസ് രാജേന്ദ്രന് എതിരെ ഇടുക്കി ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജേന്ദ്രന്‍ പാര്‍ട്ടി നല്‍കിയ നിര്‍ദേശം അനുസരിച്ചില്ല. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ദേവികുളത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന എ രാജയുടെ പേര് പറയണമെന്ന് ജില്ലാ നേതാക്കള്‍ നിര്‍ദേശിച്ചിട്ട് അനുസരിച്ചില്ല. തുടര്‍ന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തത് എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.