കാർ ഇടിച്ചു തെറിപ്പിച്ചു, ബൈക്കിൽ നിന്നു വീണവരുടെ മേൽ കാർ കയറിയിറങ്ങി; യുവാക്കൾക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th January 2022 09:16 AM  |  

Last Updated: 09th January 2022 09:16 AM  |   A+A-   |  

accident death in kannur

പ്രതീകാത്മക ചിത്രം

 


കണ്ണൂർ; വാഹനപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾക്ക് ദാരുണാന്ത്യം. കാർ ഇടിച്ച് റോഡിൽ തെറിച്ചുവീണ യുവാക്കളുടെ മേൽ കാർ കയറിയിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് കിളിയന്തറ ചെക്ക്പോസ്റ്റിന് സമീപം ഇരിട്ടി കൂട്ടുപുഴ റോഡിലാണ് അപകടമുണ്ടായത്. അനീഷ് (28), അസീസ് (40) എന്നിവരാണ് മരിച്ചത്. 

ബൈക്കിൽ നിന്ന് വീണ് എഴുന്നേൽക്കാനാവാതെ റോഡിൽ ഇരുന്നു

കിളിയന്തറ ഭാഗത്ത് ബൈക്കിൽ എത്തിയ അനീഷും അസീസും നിയന്ത്രണം വിട്ട് റോഡിലേക്ക് വീണു. എണീറ്റ് നിൽക്കാനാകാതെ റോഡിൽ തന്നെ ഇരുന്ന ഇരുവരെയും അമിത വേഗതയിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. റോഡിൽ കിടന്ന യുവാക്കളുടെ മേൽ തൊട്ടുപിന്നാലെ എത്തിയ കാറും കയറി ഇറങ്ങുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. 

അനീഷ് കിളിയന്തറ സ്വദേശിയാണ്. വളപ്പാറ സ്വദേശിയാണ് അസീസ്. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ ആദ്യത്തെ കാറിന് വേണ്ടി ഇരിട്ടി പൊലീസ് അന്വേഷണം തുടങ്ങി. രണ്ടാമത്തെ കാർ സംഭവ സ്ഥലത്തു നിന്നും കസ്റ്റഡിയിൽ എടുത്തു.