ചുറ്റികയ്ക്കുള്ള അടിയിൽ തലയോട്ടി പിളർന്നു, ചുവരില്‍ ചേര്‍ത്തുനിര്‍ത്തി കഴുത്തുഞെരിച്ചു; അച്ഛനെ കൊന്ന കേസിൽ മകൻ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th January 2022 07:38 AM  |  

Last Updated: 12th January 2022 07:38 AM  |   A+A-   |  

Son arrested for killing father

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; അച്ഛനെ തലയ്ക്ക് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വർക്കല പനയറ  എണാറുവിള കോളനി കല്ലുവിള വീട്ടില്‍ സത്യനാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ സത്യന്റെ മൂത്തമകന്‍ സതീഷി(30) നെ അയിരൂര്‍ പോലീസ് അറസ്റ്റുചെയ്തു. സത്യൻ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

മദ്യപിച്ചെത്തി വഴക്കിടുന്നത് പതിവ്

ഞായറാഴ്ച രാത്രി 7.30-ഓടെയാണ് സത്യനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതോടെ നടത്തിയ അന്വേഷണത്തിൽ കൊലപാതകം തെളിഞ്ഞത്. സത്യന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുമായിരുന്നു. ഞായറാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ സത്യന്‍, ജോലികഴിഞ്ഞ് കിടന്നുറങ്ങുകയായിരുന്ന മകന്‍ സതീഷുമായി വഴക്കിടുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ സതീഷ് ജോലിക്കുപയോഗിക്കുന്ന ചുറ്റിക ഉപയോഗിച്ച് സത്യന്റെ തലയ്ക്കടിക്കുകയും ചുവരില്‍ ചേര്‍ത്തുനിര്‍ത്തി കഴുത്തുഞെരിക്കുകയുമായിരുന്നു.  തുടര്‍ന്ന് നിലത്തേക്ക് തള്ളിവീഴ്ത്തി. 

ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ

അയല്‍ക്കാരാണ് സത്യനെ വര്‍ക്കല താലൂക്കാശുപത്രിയില്‍ എത്തിച്ചത്. പോലീസിനെ നാട്ടുകാരാണ് വിവരമറിയിച്ചത്. കൊലപാതകം നടക്കുമ്പോൾ സത്യന്റെ ഭാര്യ ശോഭനയും വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ വഴക്ക് പതിവായതിനാല്‍ അവര്‍ ഇതൊന്നും ശ്രദ്ധിക്കാതെ വീടിനു പിന്നിലിരുന്ന് പാത്രം കഴുകുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള അടിയില്‍ തലയോട്ടി പിളര്‍ന്നതും കഴുത്തുഞെരിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക വിലയിരുത്തല്‍. ഇതോടെയാണ് സംഭവശേഷം നിരീക്ഷണത്തിലായിരുന്ന സതീഷിനെ അറസ്റ്റുചെയ്തത്. പ്രതിയെ പോലീസ് വീട്ടിലെത്തിച്ച് തെളിവെടുക്കുകയും കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. കെട്ടിടനിര്‍മാണ തൊഴിലാളികളായിരുന്നു സത്യനും സതീഷും.