'സ്‌നേഹം നടിച്ച് ഉപയോഗിച്ച ശേഷം എന്നെ തെറ്റുകാരിയാക്കി'; മഹിളാമോർച്ച നേതാവിന്റെ ആത്മഹത്യയിൽ ബിജെപി നേതാവിനെതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th July 2022 07:00 AM  |  

Last Updated: 14th July 2022 07:00 AM  |   A+A-   |  

saranya_mahila_morcha_death

മരിച്ച ശരണ്യ

 

പാലക്കാട്; മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത കേസില്‍ പ്രാദേശിക ബിജെപി നേതാവ് പ്രജീവിനെതിരെ കേസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസ് എടുത്തത്. പ്രജീവാണ് തന്റെ മരണത്തിന് ഉത്തരവാദി എന്ന് എഴുതി വച്ചാണ് ശരണ്യ ജീവനൊടുക്കിയത്. ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റായ പ്രജീവിനെതിരെ ബന്ധുക്കളും  പ്രജീവിനെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. 

'എന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്‌നേഹം നടിച്ച് ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതേ വിടരുത്. പ്രജീവിന് താനുമായിട്ട് മാത്രമല്ല മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്'- ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയിരുന്നു.  കേസ് എടുത്ത സാഹചര്യത്തിൽ പ്രജീവ് കീഴടങ്ങാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രജീവിന്റെ ഫോണിലെ കോള്‍ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ശരണ്യയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളടക്കമുള്ളവരുടെ മൊഴിയെടുത്തതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്‌ഐ സി കെ രാജേഷ് പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് മാട്ടുമന്ത നടുവുക്കാട്ട് പാളയത്തെ വാടകവീട്ടില്‍ശരണ്യയെ തൂങ്ങിമരിച്ച നിലയില്‍കണ്ടെത്തിയത്.