പിഎസ്‌സിക്ക് വിടില്ല, വഖഫ് നിയമനത്തില്‍ സര്‍ക്കാര്‍ പിന്നോട്ട്; പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st July 2022 09:51 AM  |  

Last Updated: 21st July 2022 09:51 AM  |   A+A-   |  

prevents filming  is a facist attitude, will not be tolerated; chief minister

മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്കായി പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍. ഇതിനായി പുതിയ നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി നിയമസഭയിലാണ് വ്യക്തമാക്കിയത്.  

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടത് പുനപരിശോധിക്കാം എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ സാമുദായിക മത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുകയാണ് എന്ന് ആരോപിച്ചാണ് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ വിഷയം സബ്മിഷനായി കൊണ്ടുവന്നത്. 

വൈകാരികമായ പ്രശ്‌നമാണ് ഇത്. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതിന് സമാനമായ നടപടികളാണ് ഇവിടേയും ഉണ്ടാവുന്നത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക് വിടാനുള്ള തീരുമാനം പുനപരിശോധിക്കണം എന്നും സബ്മിഷന്‍ അവതരിപ്പിച്ചുകൊണ്ട് കുഞ്ഞാലി കുട്ടി പറഞ്ഞു. 

കേന്ദ്ര സര്‍ക്കാറിന്റെ നടപടിയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയും താരതമ്യപ്പെടുത്താനാകില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് തന്നെ അറിയാം എന്നാണ് മുഖ്യമന്ത്രി മറുപടിയായി പറഞ്ഞത്. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്. നിലവില്‍ വഖഫ് ബോര്‍ഡിലുള്ള ജീവനക്കാര്‍ക്ക് ആ തൊഴില്‍ നഷ്ടപ്പെട്ടുപോകുമെന്നായിരുന്നു അന്ന് ലീഗ് ഉന്നയിച്ച ഏക പ്രശ്‌നം. അവിടെ തുടരുന്ന താത്കാല ജോലിക്കാരെ സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് അന്ന് നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2016ലാണ് വഖഫ് ബോര്‍ഡിന്റെ യോഗം ഒഴിവ് വരുന്ന നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കി. ബില്‍ വിശദപരിശോധന്ക്കായി സബ്ജക്ട് കമ്മിറ്റി വിട്ടപ്പോഴോ നിയമസഭയിലെ ചര്‍ച്ചയിലോ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടുന്നതിലോ ആരും എതിര്‍പ്പറയിച്ചിരുന്നില്ല എന്നതാണ് വസ്തുത എന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പിഎസ് സിയിലേക്ക് വിടുന്നതുമായി ബന്ധപ്പെട്ട് യാതൊരു തുടര്‍ നടപടിയും സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലുണ്ടായ യോജിച്ച അഭിപ്രായം സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. തുടര്‍ന്ന് നിയമഭേദഗതിക്കാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

ക്ലബിലെ ക്യാരംസ് കളിക്കിടെ പുറത്തിറങ്ങിയ 17കാരന്‍ സ്റ്റേ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ