സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ സിപിഎം; ദേശീയപതാക ഉയര്‍ത്തും, ഭരണഘടനാ പ്രതിജ്ഞ എടുക്കും

സ്വാതന്ത്ര്യസമര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും
കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു/ ടിവി ദൃശ്യം
കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം: സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിപുലമായി ആഘോഷിക്കുമെന്ന് സിപിഎം. പരിപാടികളുടെ വിശദാംശങ്ങള്‍ സിപിഐയുമായി കൂടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ സംഘടിപ്പിക്കാനാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായാണ് കേരളത്തിലും പരിപാടികള്‍ സംഘടിപ്പിക്കുക. 

സ്വാതന്ത്ര്യസമര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കും. സ്വാതന്ത്ര്യസമരത്തിലെ വിവിധ ധാരകളെയും കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച ശേഷം നടത്തിയ സമരങ്ങളെയും ജനങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലുള്ള ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ന് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തുകയും ഭരണഘടനയിലെ ആമുഖത്തെ സംബന്ധിച്ച് പ്രതിജ്ഞ നടത്തുകയും ചെയ്യുമെന്ന് കോടിയേരി അറിയിച്ചു. 

നിത്യോപയോഗ സാധനങ്ങളുടെ മേല്‍ ജിഎസ്ടി ചുമത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ക്ക് നികുതി ചുമത്തരുതെന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ചര്‍ച്ചയും കൂടാതെ കേന്ദ്രനികുതി കൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അരി ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇത് ഇടയാക്കും. കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ലോക്കല്‍ കേന്ദ്രീകരിച്ച് ഓഗസ്റ്റ് 10 ന് വൈകീട്ട് അഞ്ചുമണിക്ക് ധര്‍ണ സംഘടിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിനെ ലക്ഷ്യമിട്ട് കേന്ദ്ര ഏജന്‍സികളെ കേരളത്തിലേക്ക്  കേന്ദ്രസര്‍ക്കാര്‍ കയറൂരി വിട്ടിരിക്കുകയാണ്. കിഫ്ബിയുടെ പേരുപറഞ്ഞ് മുന്‍ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി നോട്ടീസ് അയച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനപദ്ധതികള്‍ക്ക് നിര്‍ണായക പങ്കുവഹിച്ച കിഫ്ബിയെ തകര്‍ക്കുകയാണ് ലക്ഷ്യം. ബജറ്റിന് പുറത്തുള്ള ഒരു വികസന പ്രവര്‍ത്തനവും  കേരളത്തില്‍ നടത്താന്‍ പാടില്ലെന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നില്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ വികസനപദ്ധതികള്‍ സ്തംഭിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കോടിയേരി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com