ബിരിയാണി വാങ്ങിത്തരാമെന്ന് വാ​ഗ്ദാനം; ക്ലാസിൽ കയറാതെ എസ്എഫ്ഐ 'ഏട്ടന്മാർ'ക്കൊപ്പം കുട്ടികൾ മാർച്ചിനു പോയി; പരാതി

ക്ലാസിൽ കയറാൻ പോയ തങ്ങളെ ബിരിയാണി വാങ്ങിത്തരാം കോട്ടമൈതാനവും കാണിക്കാം എന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നു കുട്ടികൾ പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്; ബിരിയാണി വാങ്ങി നൽകാമെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർത്ഥികളെ എസ്എഫ്ഐ മാർച്ചിന് കൊണ്ടുപോയതായി പരാതി. പാലക്കാട് ജില്ലയിലെ പത്തിരിപ്പാല ജിവിഎച്ച്എസിലെ കുട്ടികളാണ് എസ്എഫ്ഐ ‘എട്ടൻമാരുടെ മോഹനവാ​ഗ്ദാനത്തിൽ വീണ് മാർച്ചിന് പോയത്. കുട്ടികൾ സ്കൂളിൽ എത്തിയില്ലെന്ന് അറിഞ്ഞ് രക്ഷിതാക്കൾ ആശങ്കയിലായി. തുടർന്ന് പൊലീസിൽ പരാതി നൽകിയതോടെ ഇനി ആവർത്തിക്കില്ലെന്ന് കുട്ടിനേതാക്കൾ ഉറപ്പു നൽകി. 

പാലക്കാട് കലക്ടറേറ്റിലേക്കു നടത്തിയ അവകാശപത്രിക സമർപ്പണ മാർച്ചിൽ പങ്കെടുക്കാനാണ് തൊട്ടടുത്തുള്ള കോളജിലെ എസ്എഫ്ഐ നേതാക്കൾ സ്കൂൾ വിദ്യാർത്ഥികളേയും വിളിച്ചുകൊണ്ടുപോയത്. ക്ലാസിൽ കയറാൻ പോയ തങ്ങളെ ബിരിയാണി വാങ്ങിത്തരാം കോട്ടമൈതാനവും കാണിക്കാം എന്നു പറഞ്ഞാണ് കൊണ്ടുപോയതെന്നു കുട്ടികൾ പറയുന്നു. എന്നാൽ കുട്ടികൾക്ക് ഭക്ഷണം പോലും നൽകാതെയാണു വൈകിട്ടു തിരിച്ചെത്തിച്ചത്.

പാലക്കാട്ടെ കുട്ടികളെ വൈകിട്ട് നാട്ടിലെത്തിച്ചു ബസിൽ നിന്ന് ഇറക്കിവിടുമ്പോൾ രക്ഷിതാക്കളെത്തി എസ്എഫ്ഐ നേതാക്കളെ ചോദ്യം ചെയ്തു. തർക്കത്തിനിടെ എസ്എഫ്ഐ ഭാരവാഹിയെ മർദിച്ചെന്നും ആരോപണമുയർന്നു. എ.കെ.യൂസഫ് എന്ന രക്ഷിതാവ് മങ്കര പൊലീസിൽ പരാതി നൽകി. സിഐ കെ.ഹരീഷിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ധാരണയായത്. എന്നാൽ എസ്എഫ്ഐ മാർച്ചിനു നിർബന്ധിച്ചു കുട്ടികളെ കൊണ്ടുപോയിട്ടില്ലെന്നാണ് ഏരിയ സെക്രട്ടറി കെ.പ്രേംജിത് പറഞ്ഞത്. 

കോഴിക്കോട് സമാനരീതിയിൽ സംഭവമുണ്ടായി.  ഭക്ഷണം വാങ്ങിനൽകാമെന്നും കടപ്പുറത്ത് കൊണ്ടുപോകാമെന്നും പറഞ്ഞതുകൊണ്ടാണ് കുട്ടികളെ കൂട്ടി മാർച്ചിനു പോയത്. കോഴിക്കോട്ട് സമരത്തിനു പോയ വിദ്യാർഥികളെ തിരികെ ഇറക്കുമ്പോൾ രക്ഷിതാക്കൾ എസ്എഫ്ഐ നേതാക്കളെ ചോദ്യം ചെയ്തതു കയ്യാങ്കളിയുടെ വക്കിലെത്തി. ചില വിദ്യാർഥികൾ ക്ലാസിൽ എത്തിയില്ലെന്ന് അധ്യാപകർ വാട്സാപ് ഗ്രൂപ്പിൽ അറിയിച്ചതോടെയാണ് രക്ഷിതാക്കൾ സ്കൂളിലേക്ക് എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com