സ്വര്‍ണം വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തി; പൊലീസാണെന്ന് പറഞ്ഞ് തട്ടിയത് പത്ത് ലക്ഷം; നാല് പേർ പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd June 2022 06:08 PM |
Last Updated: 03rd June 2022 06:08 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നാല് പേർ അറസ്റ്റിൽ. സ്വര്‍ണം കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തിയ ശേഷമായിരുന്നു പൊലീസാണെന്ന് അവകാശപ്പെട്ട് സംഘം പണം തട്ടിയത്. പയ്യോളി സ്വദേശി കെ റാഷിദ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
തിരുവനന്തപുരം സ്വദേശി ജിജോ ലാസര്‍, മലപ്പുറം സ്വദേശി നവാസ്, ആലപ്പുഴ സ്വദേശി സുഭാഷ് കുമാര്‍, കണ്ണൂര്‍ സ്വദേശി ഷാജിദ് എന്നിവരാണ് അറസ്റ്റിലായത്. നടക്കാവ് പൊലീസാണ് സംഘത്തെ വലയിലാക്കിയത്.
പൊലീസ് പറയുന്നത് - ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതികളിലൊരാള്‍ പരാതിക്കാരെ ബന്ധപ്പെട്ടത്. 10 ലക്ഷം രൂപ കൊടുത്താല്‍ അരക്കിലോ സ്വര്‍ണം കൈമാറാം എന്നായിരുന്നു വാഗ്ദാനം. ഇതനുസരിച്ച്കോഴിക്കോട്ടെ ഒരുമാളില്‍ വച്ച് പണം കൈമാറാമെന്നും ധാരണയിലെത്തി.
മാളില്‍ വച്ച് പണം കൈമാറുന്നതിനിടെ പൊലീസ് ആണെന്ന് അവകാശപ്പെട്ട് മറ്റ് പ്രതികളെത്തി പണം തട്ടിപ്പറിച്ച് ഓടുകയായിരുന്നു. പണം നഷ്ടപ്പെട്ടെന്ന റാഷിദിന്റെ പരാതിയില്‍ സംഭവ ദിവസം തന്നെ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടരന്വേഷണത്തിലാണ് പാലക്കാട്ടെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്ന നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിയെടുത്ത പണം പ്രതികള്‍ പലയിടങ്ങളിലേക്കും മാറ്റിയിട്ടുണ്ടെന്നും പണം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ