ശമ്പളം നല്‍കുന്നതിനല്ല, പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിന്; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 12:28 PM  |  

Last Updated: 07th June 2022 12:28 PM  |   A+A-   |  

ksrtc

കെഎസ്ആര്‍ടിസി / ഫയല്‍ചിത്രം

 

കൊച്ചി: ജീവനക്കാർക്ക് ശമ്പളം നല്‍കുന്നതിനല്ല മുന്‍ഗണനയെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ്. പ്രഥമ പരിഗണന പൊതുഗതാഗത സേവനത്തിനാണെന്നും കെ എസ്ആര്‍ടിസി മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വരുമാനം ഉണ്ടായെങ്കില്‍ മാത്രമേ ശമ്പളം കൃത്യമായി നല്‍കാനാകൂ എന്നും കെ എസ്ആര്‍ടിസി അറിയിച്ചു. 

മിന്നല്‍ സമരം ദോഷകരമാണ്. കൃത്യമായി സര്‍വീസ് നടത്തിയാലേ ശമ്പളം നല്‍കാനാകൂ. സമരത്തിലൂടെയല്ല പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ ജനങ്ങളെ കെഎസ്ആര്‍ടിസിയില്‍ നിന്ന് അകറ്റുകയാണ് ചെയ്യുക. സര്‍ക്കാര്‍ സഹായത്താലാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെങ്കില്‍പ്പോലും നിത്യ ചെലവിനുള്ള പണം പോലും കെഎസ്ആര്‍ടിസിക്ക് തികയുന്നില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. 

കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് മാനേജ്‌മെന്റ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഞ്ചാം തീയതി ശമ്പളം നല്‍കണമെങ്കില്‍, അതിനുള്ള കൃത്യമായ വരുമാനം കെഎസ്ആര്‍ടിസിക്കില്ല. ജീവനക്കാര്‍ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദനക്ഷമത കുറയാന്‍ കാരണമെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. 

600 ഓളം ബസുകള്‍ കട്ടപ്പുറത്തുണ്ട്. ഇവ നിരത്തിലിറക്കുന്നതിന് വേണ്ടി 12 മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം കൂടി മാനേജ്‌മെന്റ് മുന്നോട്ടുവെക്കുന്നു. കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താനായി മാനേജ്‌മെന്റും സര്‍ക്കാരും ശ്രമങ്ങള്‍ നടത്തുകയാണ്. ഇത് ഫലം കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാനേജ്‌മെന്റ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം രക്ഷപ്പെടുത്താന്‍ മാനേജ്‌മെന്റ് കൊണ്ടു വരുന്ന പരിഷ്‌കാരങ്ങളെ ജീവനക്കാര്‍ എതിര്‍ക്കുന്നതായും സത്യവാങ്മൂലത്തില്‍ വിമര്‍ശനമുണ്ട്. 

പരിഷ്‌കാരങ്ങള്‍ നടപ്പിലായാല്‍ ഒക്ടോബര്‍ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തില്‍ മാത്രം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു. പരിഷ്‌കാരങ്ങള്‍ ഫലം കണ്ടു തുടങ്ങിയാല്‍ ഒന്നു-രണ്ടു വര്‍ഷത്തിനകം കെഎസ്ആര്‍ടിസിയുടെ നില മെച്ചപ്പെടുത്താനാകുമെന്നും ജീവനക്കാരുടെ പരാതിക്ക് പരിഹാരം കാണാനും കഴിയുമെന്നും പ്രതീക്ഷയുണ്ടെന്നും കെഎസ്ആര്‍ടിസി വിശദീകരിക്കുന്നു. 

ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമരം കൊണ്ടേ ഫലമുണ്ടാകൂ എന്ന് ജീവനക്കാര്‍ നിലപാടെടുത്താല്‍ നഷ്ടത്തിലുള്ള കോര്‍പ്പറേഷന്‍ വന്‍ ദുരന്തത്തിലേക്കാകും പോകുക. ജീവനക്കാരുടെ സമരത്തില്‍ കേരളത്തിലെ പല വ്യവസായങ്ങളും നശിച്ചിട്ടുണ്ട്. മാര്‍ച്ച് 28,29, മെയ് 6 തീയതികളില്‍ ജീവനക്കാര്‍ നടത്തിയ സമരത്തില്‍ 25 കോടി രൂപ നഷ്ടപ്പെട്ടു. ജീവനക്കാരുടെ കാര്യക്ഷമത കൂട്ടിയാല്‍ വരുമാനം കൂട്ടാന്‍ സാധിക്കുമെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

പൊതുജനങ്ങള്‍ക്കും പൊലീസിന്റെ ആയുധ പരിശീലനം; ഫീസ് അയ്യായിരം വരെ; ഉത്തരവ് ഇറക്കി ഡിജിപി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ