ശമ്പളം കൊടുക്കാതെ എങ്ങനെ ജീവിക്കും?; കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ക്ക് സമയബന്ധിതമായി വേതനം നല്‍കണമെന്ന് ഹൈക്കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 08th June 2022 04:58 PM |
Last Updated: 08th June 2022 04:58 PM | A+A A- |

ഹൈക്കോടതി/ഫയല്‍
കൊച്ചി: കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ശമ്പളം നല്‍കാതെ സൂപ്പര്‍വൈസര്‍ തലത്തിലുള്ളവര്‍ക്കു ശമ്പളം നല്‍കരുതെന്നു കെഎസ്ആര്‍ടിസിയോടു ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യം കെഎസ്ആര്‍ടിസി ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. ശമ്പളം കൃത്യമായി നല്‍കുന്നത് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിലപാടു വ്യക്തമാക്കിയത്. ഇത്തരത്തില്‍ ഉത്തരവു പുറപ്പെടുവിക്കുമെന്നു പറഞ്ഞ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേസ് പരിഗണിക്കുന്നത് 21ലേയ്ക്കു മാറ്റി
ശമ്പളം കിട്ടിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. ഡീസലില്ലാതെ വണ്ടി ഓടുമോ എന്നു ചോദിച്ച കോടതി ശമ്പളം കൊടുക്കാതെ മനുഷ്യര്‍ ഓടുമോ എന്നും ചോദിച്ചു. സമയബന്ധിതമായി ജീവനക്കാരുടെ ശമ്പളം നല്‍കണം. കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തമാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണമെന്നും കോടതി പറഞ്ഞു.
പത്തുവര്‍ഷമായി കെഎസ്ആര്‍ടിസി നഷ്ടത്തിലാണ്. ഇത്രയുംകാലം കോര്‍പ്പറേഷനു നേതൃത്വം നല്‍കിയത് ഐഎഎസുകാരുമാണ്. ലോണ്‍ തിരിച്ചടയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗം വേണം. കെഎസ്ആര്‍ടിസിയുടെ വായ്പാ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചേ പറ്റൂ. ജീവനക്കാര്‍ സമരത്തിലാണെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സമരം മൂലം ബസ് സര്‍വീസ് മുടങ്ങിയിട്ടുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. യൂണിയനുകള്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉയര്‍ത്തി. എല്ലാത്തിനും ജയ് വിളികളും സമരവുമുണ്ട്, നന്നാവണമെങ്കില്‍ എല്ലാവരും വിചാരിക്കണം. ജീവനക്കാരെ എല്ലാവരെയും ഒരുപോലെ കാണരുത്. രണ്ടുമാസം ശമ്പളം കിട്ടിയില്ലെങ്കില്‍ എന്തിനാണ് പണിയെടുക്കുന്നതെന്ന് ജീവനക്കാര്‍ക്കും തോന്നും. മാനേജ്‌മെന്റ് ചുമ്മാ ഒപ്പിടുന്നവരല്ല. കമ്പനിയെ നന്നാക്കാന്‍ ഒരു ശ്രമം വേണം. ആരുെടയെല്ലാമോ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പലതും ചെയ്യും. പിന്നീട് അത് ബാധ്യതയാകുകയാണ്. ഇത്രയും വസ്തുവകകളുള്ള മറ്റൊരു കമ്പനിയില്ല.ആര്‍ക്കെതിരെ സമരം ചെയ്താലും നഷ്ടം ജനങ്ങള്‍ക്കാണെന്നും കോടതി ചുണ്ടിക്കാട്ടി.