മൂന്നാം ക്ലാസുമുതല്‍ പീഡനം; പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കി; 66കാരന് 81 വര്‍ഷം തടവ്, ഏറ്റവും ദൈര്‍ഘ്യമേറിയ ശിക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 09:13 PM  |  

Last Updated: 21st June 2022 09:13 PM  |   A+A-   |  

Court

പ്രതീകാത്മക ചിത്രം

 

ഇടുക്കി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അറുപത്തിയാറുകാരന് 81 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കഞ്ഞിക്കുഴി കൈതപ്പാറ സ്വദേശി ജോര്‍ജിനെയാണ് ഇടുക്കി അതിവേഗ പ്രത്യേക പോക്‌സോ കോടതി ശിക്ഷിച്ചത്. മൂന്നാം ക്ലാസ് മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ശാരീരികമായി ദുരുപയോഗം ചെയ്തതായി കോടതി വിചാരണയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് സംസ്ഥാനത്ത് പോക്‌സോ കേസില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ തടവ് ശിക്ഷ ലഭിച്ച പ്രതിയായ ജോര്‍ജ് മാറിയത്.
 
2020 ഇടുക്കിയിലെ കഞ്ഞിക്കുഴി സ്‌റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്‌ടോബര്‍ ആറിന് ഇരയായ പെണ്‍കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ പതിനഞ്ചുകാരി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍  കഞ്ഞിക്കുഴി പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പെണ്‍്കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ സാംപിള്‍ ശേഖരിച്ച് തിരുവനന്തപുരം ഫോറന്‍സിക്  ലാബോറട്ടറിയില്‍ ഡിഎന്‍എ പരിശോധന നടത്തി പ്രതി ജോര്‍ജ് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

വിവിധ വകുപ്പുകളിലാണ് ജോര്‍ജിന് 81 വര്‍ഷം തടവ് ശിക്ഷ ജഡ്ജി ടി ജി വര്‍ഗീസ് വിധിച്ചത്. അതേസമയം പോക്‌സോ വകുപ്പ് പ്രകാരം ഉയര്‍ന്ന ശിക്ഷയായ 30 വര്‍ഷം തടവ് മാത്രം പ്രതി അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക അടച്ചില്ലെങ്കില്‍ വീണ്ടും തടവ് അനുഭവിക്കണം. പ്രതിയില്‍ നിന്നും ഇടാക്കുന്ന പിഴത്തുകയ്ക്ക് പുറമെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി രണ്ടുലക്ഷം രൂപയും പെണ്‍കുട്ടിയുടെ പുനരധിവാസത്തിന് നല്‍കാനും കോടതി ഉത്തരവിട്ടു. കേസില്‍ 24 സാക്ഷികളാണ് ഉണ്ടായിരുന്നത്. 34 രേഖകളും നാലു തൊണ്ടിമുതലും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് എസ് സനീഷ് ഹാജരായി.

ഈ വാര്‍ത്ത കൂടി വായിക്കാം 48 വര്‍ഷം തടവുശിക്ഷ; വിധിക്ക് പിന്നാലെ കോടതിയില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ