ഡോക്ടര്‍മാരുടെ സേവനം ഉപഭോക്തൃ നിയമ പരിധിയില്‍; ചികിത്സാ പിഴവ് തര്‍ക്ക പരിഹാര ഫോറങ്ങളില്‍ ചോദ്യം ചെയ്യാം: ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 06:40 AM  |  

Last Updated: 03rd March 2022 06:40 AM  |   A+A-   |  

doctor

ഡോക്ടേഴ്‌സ് ദിനം/ പ്രതീകാത്മക ചിത്രം


കൊച്ചി: ഡോക്ടർമാരുടെ സേവനം ഉൾപ്പെടുന്ന മെഡിക്കൽ പ്രൊഫഷന്‍ ഉപഭോക്തൃ തർക്ക പരിഹാര നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഇതോടെ ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങൾക്കു ചികിത്സ പിഴവ് ആരോപിച്ചുള്ള പരാതികൾ പരിഗണിക്കാൻ തടസ്സം ഉണ്ടാവില്ല. 

ഇത്തരത്തിൽ പരാതികൾ തർക്ക പരിഹാര ഫോറങ്ങൾക്കു പരി​ഗണിക്കാൻ തടസം ഉണ്ടാവില്ലെന്ന ജില്ലാ, സംസ്ഥാന കമ്മിഷനുകളുടെ ഉത്തരവുകളിൽ ഹൈക്കടതി ഇടപെട്ടില്ല. തിമിരത്തിനുള്ള ചികിത്സയെ തുടർന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കണ്ണൂർ സ്വദേശിനി  തർക്ക പരിഹാര ഫോറത്തെ സമീപിച്ച സംഭവമാണ് ഹൈക്കോടതിയുടെ മുൻപിലേക്ക് എത്തിയത്. 

ഡോക്ടർമാർ കേസ് നടത്താൻ പോകുന്നതു മെഡിക്കൽ സേവനങ്ങളെ ബാധിക്കും

പി അംബുജാക്ഷി എന്ന സ്ത്രീ 32.52 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. 
 എന്നാൽ ഇത്തരം പരാതികൾ ഉപഭോക്തൃ കമ്മിഷനിൽ നിലനിൽക്കില്ലെന്നാണ് ഡോക്ടർമാർ വാദിച്ചത്. ഡോക്ടർമാരുടെ ഈ വാദം ജില്ലാ, സംസ്ഥാന കമ്മിഷനുകൾ തള്ളിയിരുന്നു. ഇതിനെതിരെ കണ്ണൂരിലെ ഡോ വിജിൽ ഉൾപ്പെടെ ഒരുകൂട്ടം ഡോക്ടർമാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് എൻ നഗരേഷിന്റെ വിധി. 

ഇത്തരത്തിൽ കേസുകളുണ്ടായാൽ ഡോക്ടർമാർ പല സ്ഥലങ്ങളിൽ കേസ് നടത്താൻ പോകുന്നതു മെഡിക്കൽ സേവനങ്ങളെ ബാധിക്കുമെന്ന വാദമാണ് ഹർജിക്കാർ പ്രധാനമായും ഉന്നയിച്ചത്. എന്നാൽ, സൗജന്യമോ വ്യക്തിഗത സേവന കരാറിൽപ്പെട്ടതോ അല്ലാതെ ഉപയോക്താക്കൾക്കു ലഭ്യമാകുന്ന ഏതു സേവനവും 2(42) വകുപ്പിന്റെ പരിധിയിൽ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സൗജന്യം അല്ലാത്ത മെഡിക്കൽ സേവനങ്ങളും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും.