അച്ഛൻ ​ഗർഭിണിയാക്കിയ പത്തു വയസുകാരിയുടെ ഗർഭസ്ഥശിശുവിനെ പുറത്തെടുക്കാം; ഈശ്വരനെ മനസ്സിലോര്‍ത്തുള്ള വിധിയെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 07:07 AM  |  

Last Updated: 11th March 2022 07:07 AM  |   A+A-   |  

permission to abortion highcourt

ഫയല്‍ ചിത്രം

 

കൊച്ചി; അച്ഛൻ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ പത്തു വയസുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാമെന്ന് ഹൈക്കോടതി വിധി. കുട്ടി ജനിക്കുന്നത് മകളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെന്നും ​ഗർഭഛിദ്രത്തിന് അനുവദിക്കണമെന്നും പറഞ്ഞ് അമ്മ നൽകിയ ഹർജിയിലാണ് ഉത്തരവ്. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ജീവനുണ്ടെങ്കില്‍ ആശുപത്രി അധികൃതരും ബന്ധപ്പെട്ടവരും ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നു ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശിച്ചു. 

24 ആഴ്ച വരെ വളര്‍ച്ചയുള്ള ഗര്‍ഭഛിദ്രത്തിനാണ് നിയമപ്രകാരം അനുമതിയുള്ളത്. കുട്ടിയുടെ ​ഗർഭം 31 ആഴ്ച പിന്നിട്ടതോടെയാണ് ​ഗർഭഛിദ്രം നടത്തണമെന്ന ആവശ്യവുമായി അമ്മ കോടതിയെ സമീപിച്ചത്. തുടർന്ന്  ഹൈക്കോടതി മെഡിക്കല്‍ ബോര്‍ഡിനോട് നിര്‍ദേശം തേടിയിരുന്നു. ശസ്ത്രക്രിയലൂടെയുള്ള പ്രസവം വേണ്ടിവരുമെന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാന്‍ 80% സാധ്യതയുണ്ടെന്നും നവജാതശിശുക്കള്‍ക്കുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിവരുമെന്നും ബോര്‍ഡ് അറിയിച്ചു. തുടർന്നാണ് കുഞ്ഞിനെ പുറത്തെടുക്കാൻ കോടതി അനുമതി നൽകിയത്. 

കേസില്‍ ലജ്ജിക്കുകയാണെന്നായിരുന്നു കോടതിയുടെ പ്രതികരണം. പത്ത് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ പിതാവാണ് ആരോപണ വിധേയന്‍. സമൂഹം മുഴുവനും നാണത്താല്‍ തലതാഴ്ത്തണം. നിയമത്തിന് സാധിക്കുന്ന രീതിയില്‍ നിയമം അയാളെ ശിക്ഷിക്കും. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈശ്വരനെ മനസ്സിലോര്‍ത്താണ് നിയമാധികാരം പ്രയോഗിക്കുന്നതെന്നും കോടതി പറഞ്ഞു.

തിരുവനന്തപുരത്തെ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ വേണ്ടതു ചെയ്യാന്‍ ആശുപത്രി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. സ്‌പെഷലിസ്റ്റുകളില്‍നിന്ന് വിദഗ്ധ മെഡിക്കല്‍ സഹായം വേണമെങ്കില്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കാം. ഡയറക്ടര്‍ ആവശ്യമായതു ഉടന്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിച്ചില്ലൈങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കണം.  ചികിത്സയും പരിചരണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ബോംബൈ ഹൈക്കോടതി സമാനമായ കേസ് പരിഗണിച്ചിട്ടുണ്ടെന്നും കുട്ടി ജീവിക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ക്ഷേമത്തിനായി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. പത്തുവയസ്സുള്ള പെണ്‍കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ സങ്കീര്‍ണതകളും കോടതി പരിഗണിച്ചു.