ഉയർന്ന ജോലിക്കാരൻ, കൂലിക്ക് ബന്ധുക്കളെ കൊണ്ടുവന്ന് വിവാഹ നിശ്ചയം നടത്തി; വധുവിന്റെ വീട്ടിൽ നിന്ന് തട്ടിയത് പത്ത് ലക്ഷം; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2022 06:40 AM  |  

Last Updated: 11th March 2022 06:44 AM  |   A+A-   |  

akshay_fraud_case_arrest

അറസ്റ്റിലായ അക്ഷയ്

 

മലപ്പുറം; കള്ളക്കഥ പറഞ്ഞ് വിവാഹം ഉറപ്പിച്ച ശേഷം പ്രതിശ്രുത വധുവിന്റെ വീട്ടുകാരിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരാണ് മലപ്പുറം ചങ്ങരംകുളത്ത് പൊലീസിന്റെ പിടിയിലായത്.  സ്വകാര്യ കമ്പനിയിൽ ഉയർന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹനിശ്ചയം നടത്തിയ ശേഷമായിരുന്നു ഇവരുടെ തട്ടിപ്പ്. 

കഴിഞ്ഞ വർഷം വലിയ ആർഭാടമായിട്ടാണ് അക്ഷയ്യും യുവതിയും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. അതിനു പിന്നാലെ പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ വീട്ടുകാരില്‍ നിന്ന് അക്ഷയ് യും അജിയും ചേർന്ന് പത്ത് ലക്ഷം കൈക്കലാക്കി. പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കളിപ്പിക്കപെട്ട വിവരം പെൺകുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. തുടർന്ന് ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ വിവാഹ നിശ്ചയത്തിന് വരന്‍റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നവരായിരുന്നുവെന്ന് വ്യക്തമായി. അക്ഷയും അജിയും കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയവരാണെന്നും പൊലീസ് കണ്ടെത്തി. ഇവർക്ക് കൊടുങ്ങല്ലൂർ, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട്‌ വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ , കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വീസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്. അറസ്റ്റിലായ പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.