ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ ഡ്രൈവറുടെ മൃതദേഹം; പാറമടയില്‍ വീണ ലോറി പുറത്തെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 04:52 PM  |  

Last Updated: 12th March 2022 04:52 PM  |   A+A-   |  

lorry

ലോറി ഉയര്‍ത്തുന്നു/ വീഡിയോ സ്‌ക്രീന്‍ഷോട്ട്


കോട്ടയം: മറിയപ്പള്ളിയില്‍ പാറമടയിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. തിരുവനന്തപുരം സ്വദേശി അജികുമാര്‍ (48) ആണ് മരിച്ചത്. രണ്ട് ക്രെയിനുകളുടെ സഹായത്തോടെയാണ് ലോറി പുറത്തെടുത്തത്. 

ലോറിയിലെ ക്യാബിനില്‍ കുടുങ്ങിയ നിലയിലായിരുന്നു അജികുമാറിന്റെ മൃതദേഹം. വെള്ളിയാഴ്ച രാത്രി 9 മണിയോടെ മുട്ടം പാറമടക്കുളത്തിലാണു പത്തു ടണ്ണോളം വളം കയറ്റിവന്ന ലോറി വീണത്. പുലര്‍ച്ചെ 12.30ന് അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ലോറി കണ്ടെത്തിയെങ്കിലും ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ഡ്രൈവര്‍ ലോറിക്കുള്ളിലുണ്ടോ എന്നും ഉറപ്പാക്കാനായിരുന്നില്ല.

പ്രദേശത്തെ കൊഴുവത്തറ ഏജന്‍സി എന്ന വളം ഡിപ്പോയില്‍നിന്നു യൂറിയ, ഫാക്ടംഫോസ്, പൊട്ടാഷ് എന്നിവ കയറ്റി ആലപ്പുഴ ചേപ്പാടിലേക്കു പോവുകയായിരുന്ന ലോറി. വളവു തിരിയുന്നതിനിടെ തിട്ടയിടിഞ്ഞ് 60 അടിയോളം താഴ്ചയുള്ള പാറമടയില്‍ വീഴുകയായിരുന്നു. ഡ്രൈവര്‍ മാത്രമേ ലോറിയില്‍ ഉണ്ടായിരുന്നുള്ളൂ. ശബ്ദം കേട്ട സമീപവാസികളാണ് ആദ്യം അറിഞ്ഞത്.

ചിങ്ങവനം പൊലീസും അഗ്‌നിരക്ഷാ സേനയും എത്തി. ഇതിനകം ലോറി താഴ്ചയിലേക്കു പോയി. അഗ്‌നിരക്ഷാ സേന റബര്‍ ഡിങ്കിയുടെ സഹായത്തോടെ രാത്രി വൈകിയും തിരച്ചില്‍ നടത്തി. ചെളിയും പുല്ലും നിറഞ്ഞ നിലയിലുള്ള കുളത്തിന്റെ ആഴം അളക്കാനുള്ള ശ്രമവും നടന്നു. ലോറി ഉയര്‍ത്തുന്നതിനായി ക്രെയിന്‍ എത്തിച്ചു.