ഇനി 'ചില്ലറത്തര്‍ക്കങ്ങള്‍' വേണ്ട; കെഎസ്ആര്‍ടിസിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉടനെത്തുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th March 2022 08:55 AM  |  

Last Updated: 19th March 2022 08:55 AM  |   A+A-   |  

ksrtc phonepe

പ്രതീകാത്മക ചിത്രം


കൊച്ചി: കെഎസ്ആർടിസി യാത്രയും സ്മാർട്ടാവുന്നു. സ്മാർട്ട് കാർഡ് സൗകര്യം ഉടനെ ബസുകളിൽ ഉപയോ​ഗിച്ച് തുടങ്ങും. ചില്ലറയുടെ പേരിലെ തർക്കങ്ങൾ ഉൾപ്പെടെയുള്ള തലവേദനകൾക്ക് സ്മാർട്ട് കാർഡുകളിലൂടെ പരിഹാരമാവും. 

സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാനുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനുകൾ എറണാകുളം കെഎസ്ആർടിസി ഓഫീസിൽ എത്തിക്കഴിഞ്ഞു. സ്മാർട്ട് കാർഡ് എടുത്ത് അതിൽ പണം ചേർത്ത് ചാർജ് ചെയ്താൽ ബസുകളിൽ യാത്ര ചെയ്യാൻ അവ ഉപയോഗിക്കാം. ആദ്യഘട്ടത്തിൽ സ്കാനിയ, സൂപ്പർഫാസ്റ്റ് ബസുകളിലായിരിക്കും ഇത്‌ നടപ്പിലാക്കുക. 55 മെഷീനുകളാണ് എറണാകുളത്ത് എത്തിച്ചിട്ടുള്ളത്. 

ഓൺലൈൻ വഴി കാർഡിലേക്ക് പണം ഇടാം

യാത്രക്കാർക്ക് സ്മാർട്ട് കാർഡ് എടുത്തു കഴിഞ്ഞാൽ ഓൺലൈൻ വഴി കാർഡിലേക്ക് പണം ഇടാം. കണ്ടക്ടറുടെ കൈയിൽ പണം നൽകിയാലും അത് കാർഡിലേക്ക് ചാർജ് ചെയ്യാൻ സാധിക്കും. ടിക്കറ്റ് കൊടുത്ത് തീരുന്നതിലെ കാലതാമസം തുടങ്ങിയവ ഇതോടെ മാറുമെന്നാണ് പ്രതീക്ഷ.

ഫോൺ പേ ആണ് ഏജൻസി. ഓരോ ബസിന്റെയും കിലോമീറ്റർ അടിസ്ഥാനത്തിലുള്ള വരുമാനം, ഓരോ ട്രിപ്പിനുമുള്ള വരുമാനം എന്നിവയും അറിയാനാവും.  ബസിലെ ജിപിഎസ് സംവിധാനങ്ങളോട് മെഷിൻ ബ്ലൂ ടൂത്ത് വഴി ബന്ധിപ്പിക്കുന്നുണ്ട്. ഇത് മേലധികാരികൾക്ക് യാത്ര കൃത്യമായി വിലയിരുത്താൻ എളുപ്പമാകും.