സര്‍ക്കാരിന് വേറെ വഴിയില്ല; ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണം: ഹൈക്കോടതി വിധിയില്‍ ഗവര്‍ണര്‍

പണിമുടക്കുകളിലും മറ്റും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് വേറെ വഴികളില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പണിമുടക്കുകളിലും മറ്റും ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

സര്‍ക്കാര്‍ ജീവനക്കാരുടെ പണമുടക്ക് വിലക്കി ഇന്നുതന്നെ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമവിരുദ്ധമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പണിമുടക്കു ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഉത്തരവ്.

ഉത്തരവിന് എതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ രംഗത്തുവന്നിരുന്നു. പണിമുടക്ക് തടയാന്‍ കോടതിക്കാവില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമുണ്ട്. ജീവനക്കാര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാമെന്നും വിജയരാഘവന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് എതിരായ പണിമുടക്കിന്റെ ഭാഗമായി ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ലെന്ന് എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു. അക്രമ സംഭവങ്ങള്‍ മാധ്യമ സൃഷ്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു. 'ഒരിടത്തും യാത്രക്കാരെ തടഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ തടഞ്ഞിട്ടുണ്ടാകും. തടയുകയായിരുന്നെങ്കില്‍ കേരളം ഇങ്ങനെയാണോ, വളരെ സമാധാനപരമായിട്ടാണ് സമരം. ആരെങ്കിലും പരിക്കേറ്റ് ആശുപത്രിയിലുണ്ടോ. അങ്ങനെയുള്ള സംഭവങ്ങളൊന്നും നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. തൊഴിലാളികള്‍ അവരുടെ കൂലി നഷ്ടപ്പെടുത്തിയാണ് സമരം ചെയ്യുന്നത്. രണ്ടു ദിവസത്തെ വരുമാനം നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ ജനങ്ങള്‍ക്ക് വേണ്ടി സമരത്തിനിറങ്ങിയിട്ടുള്ളത്. അതുകൊണ്ട് ഈ സമരത്തെ നമ്മള്‍ ആക്ഷേപിക്കാന്‍ പാടില്ല' വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ല: ഹൈക്കോടതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കാന്‍ അവകാശമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍വീസ് ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പണിമുടക്കിയ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇന്നു തന്നെ ഉത്തരവ് ഇറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്ന് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

എജിയുടെ നിയമോപദേശം അനുസരിച്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. ഉത്തരവിടും മുമ്പ് ജീവനക്കാരുടെ സംഘടനകളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ഇതു കോടതി പരിഗണിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com