രാധാകൃഷ്ണനോ സിന്ധുമോളോ?; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉടനുണ്ടായേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 11:43 AM  |  

Last Updated: 04th May 2022 11:43 AM  |   A+A-   |  

bjp_leaders

രാധാകൃഷ്ണന്‍, സിന്ധുമോള്‍, ജയകൃഷ്ണന്‍/ ഫയല്‍

 


കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയേയും ഉടന്‍ പ്രഖ്യാപിച്ചേക്കും. ജില്ലയില്‍ നിന്നും സ്ഥാനാര്‍ത്ഥിത്വത്തിനായി മൂന്നുപേരുകളടങ്ങിയ പട്ടികയാണ് സംസ്ഥാന-കേന്ദ്ര നേതൃത്വത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളതെന്നാണ് സൂചന. ബിജെപി കേന്ദ്രനേതൃത്വമാകും സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ എന്‍ രാധാകൃഷ്ണന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണന്‍, സംസ്ഥാന വക്താവ് ടി പി സിന്ധുമോള്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. വനിതയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചാല്‍ സിന്ധുമോള്‍ക്ക് നറുക്ക് വീണേക്കും. 

തൃക്കാക്കര മണ്ഡലത്തിന്റെ ചുമതലക്കാരായ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ സംസ്ഥാന സെക്രട്ടറി എസ് സുരേഷ് എന്നിവരടങ്ങുന്ന സമിതി ജില്ലയിലെ പ്രധാന നേതാക്കളുമായി ഒരുമാസത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്നംഗ പാനല്‍ സമര്‍പ്പിച്ചത്. കോര്‍ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. 

2011 ല്‍ അഞ്ചുശതമാനം വോട്ടുമാത്രമുണ്ടായിരുന്ന ബിജെപി 2016 ല്‍ അത് പതിനഞ്ചര ശതമാനത്തിലേറെയായി ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 11.34 ശതമാനമായി വോട്ടുകുറഞ്ഞിരുന്നു.

തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പത്‌നി ഉമ തോമസിനെ കോണ്‍ഗ്രസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയായി സിപിഎം യുവ നേതാവ് അഡ്വ. കെ എസ് അരുണ്‍കുമാറിനെയും നിശ്ചയിച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി-ട്വന്റി-20 സഖ്യവും തൃക്കാക്കരയില്‍ മത്സരരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം
 

അഡ്വ. കെ എസ് അരുണ്‍കുമാര്‍ തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ