മധുരയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ മുല്ലപ്പെരിയാറിലെ വെള്ളം പൈപ്പിലൂടെ എത്തിക്കും; പദ്ധതിക്ക് തുടക്കം കുറിച്ചു

പദ്ധതിക്കെതിരെ തേനിയിലെ കര്‍ഷകര്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍
മുല്ലപ്പെരിയാര്‍ ഡാം, ഫയല്‍

ചെന്നൈ: മധുര ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം പൈപ്പിലൂടെ എത്തിക്കാനുള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ തുടക്കം കുറിച്ചു. പണികള്‍ തുടങ്ങുന്നതിനു മുന്നോടിയായി ഭൂമി പൂജ നടത്തി. 1296 കോടി രൂപ മുടക്കിയാണ് ഡിഎംകെ സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. 

പദ്ധതിക്കെതിരെ തേനിയിലെ കര്‍ഷകര്‍ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ അവഗണിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഭൂമി പൂജ നടത്തിയപ്പോഴും പ്രതിഷേധവുമായി കര്‍ഷകരും അലക്കുതൊഴിലാളികളും രംഗത്തെത്തി.  പ്രതിഷേധക്കാരെ പൊലീസ് വഴിയില്‍ തടഞ്ഞാണ് പൂജ പൂര്‍ത്തീകരിച്ചത്.  തമിഴ്‌നാട് പൊതുമരാമത്ത്, ജലവിഭവ ഉദ്യോഗസ്ഥരും മധുര നഗരസഭ അധികൃതരും വണ്ണാന്‍തുറയില്‍ നടന്ന ഭൂമിപൂജയില്‍ പങ്കെടുത്തു. 

നിലവില്‍ മുല്ലപ്പെരിയാര്‍ ജലം വൈദ്യുതി ഉല്‍പ്പാദനത്തിനും തേനിയിലെ കൃഷിക്കും ഉപയോഗിച്ചശേഷം വൈഗ അണക്കെട്ടിലാണ് സംഭരിക്കുന്നത്. ഇവിടെ നിന്ന് ദിണ്ഡുക്കഗല്‍, മധുര, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലേക്ക് ഒരുമിച്ചാണ് തുറന്നുവിടുന്നത്. ഇതു മൂലം മധുരക്ക് ആവശ്യമായ വെള്ളം വേനല്‍ക്കാലത്ത് കിട്ടാറില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതി.

മുല്ലപ്പെരിയാര്‍ വെള്ളം ലോവര്‍ ക്യാമ്പില്‍ നിന്നു പൈപ്പു വഴി മധുരയിലെത്തിക്കാനുള്ള പദ്ധതി 2018 ലാണ് പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാറില്‍ നിന്ന് ലോവര്‍ ക്യാമ്പ് പവര്‍ഹൗസില്‍ എത്തുന്ന ജലം അവിടെ വൈദ്യുതി ഉല്‍പാദിപ്പിച്ചശേഷം വണ്ണാന്‍തുറയില്‍ പുതിയതായി നിര്‍മിക്കുന്ന ചെക്ക്ഡാമില്‍ സംഭരിക്കും. ഇവിടെ നിന്നും കൂറ്റന്‍ പൈപ്പുകളിട്ട് മധുരയിലേക്ക് കൊണ്ടു പോകാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com